മെസ്സിയെ തടയാനുള്ള മാർഗം ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല : റെയിംസ് കോച്ച്!
സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റത്തിന് വേണ്ടി കണ്ണുമിഴിച്ചിരിക്കുകയാണ് താരത്തിന്റെ ആരാധകർ. വരുന്ന റെയിംസിനെതിരെയുള്ള മത്സരത്തിൽ മെസ്സി അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30-ന് റെയിംസിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക. ഏതായാലും മെസ്സിയെ നേരിടേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടും ജാഗ്രതയുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ റെയിംസിന്റെ പരിശീലകനായ ഓസ്കാർ ഗാർഷ്യ.മെസ്സിയെ തടയാനുള്ള ഒരു മാർഗവും ഇതുവരെ ആരും തന്നെ കണ്ടെത്തിയിട്ടില്ല എന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. ബാഴ്‌സക്ക് വേണ്ടി നൂറോളം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഗാർഷ്യ.കഴിഞ്ഞ ദിവസം EFE യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗣️ Oscar García Junyent, DT del @StadeDeReims, que enfrentará el domingo al @PSG_espanol: "Nadie ha podido aún frenar a Messi" ⤵️https://t.co/YI2ASjj5ng
— beIN SPORTS Español (@ESbeINSPORTS) August 25, 2021
” മെസ്സി എന്ന വ്യക്തിയെ തടയാനുള്ള ഒരു മാർഗം ഇതുവരെ ആരും തന്നെ കണ്ടെത്തിയിട്ടില്ല.തീർച്ചയായും അദ്ദേഹത്തെ അഭിമുഖീകരിക്കാതിരിക്കാൻ തന്നെയാണ് ഞാൻ താല്പര്യപ്പെടുന്നത്. അതിനർത്ഥം അദ്ദേഹം ബാഴ്‌സയിൽ തന്നെ തുടരാൻ ഞാൻ ആഗ്രഹിച്ചിരുന്നു.പക്ഷേ ഫ്രഞ്ച് ലീഗിനെ സംബന്ധിച്ചിടത്തോളം മെസ്സിയുടെ വരവ് ഒരു പോസിറ്റീവ് ആയ കാര്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരവും മികച്ച താരങ്ങളും ഇപ്പോൾ ഫ്രഞ്ച് ലീഗിലുണ്ട് ” ഇതാണ് അദ്ദേഹം പറഞ്ഞത്.
2019-ൽ ഓസ്കാർ ഗാർഷ്യക്ക് മെസ്സിയെ നേരിടേണ്ടി വന്നിരുന്നു. അന്ന് സെൽറ്റയുടെ പരിശീലകനായിരുന്നു ഇദ്ദേഹം. ആ മത്സരത്തിൽ ബാഴ്‌സ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു സെൽറ്റയെ പരാജയപ്പെടുത്തിയത്. രണ്ട് ഫ്രീകിക്ക് ഗോളുകളും ഒരു പെനാൽറ്റി ഗോളും നേടി ഹാട്രിക് പൂർത്തിയാക്കിയ മെസ്സിയായിരുന്നു അന്ന് ബാഴ്‌സയുടെ വിജയശില്പി. അത്കൊണ്ട് തന്നെ ഒരിക്കൽ കൂടി മെസ്സി നേരിടേണ്ടി വരുമ്പോൾ ഗാർഷ്യ കൂടുതൽ മുൻകരുതലുകൾ എടുക്കുമെന്നുറപ്പാണ്.