മെസ്സിയെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി MLS!
ലയണൽ മെസ്സി അടുത്ത സീസണിൽ എവിടെ കളിക്കും എന്നുള്ളത് ഇപ്പോഴും തീരുമാനമായിട്ടില്ല.മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കാത്തതിനാൽ ഒരുപാട് ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. മെസ്സിയുടെ കരാർ എന്ത് വിലകൊടുത്തും പുതുക്കാനാണ് പിഎസ്ജി ആഗ്രഹിക്കുന്നത്.പക്ഷേ ലയണൽ മെസ്സി അത്ര വലിയ താല്പര്യമൊന്നും കാണിച്ചിട്ടില്ല.
എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങാൻ മെസ്സിക്ക് ആഗ്രഹമുണ്ടെങ്കിലും ഒരുപാട് സങ്കീർണ്ണതകൾ നിലനിൽക്കുന്നുണ്ട്. ചുരുക്കത്തിൽ യൂറോപ്പിൽ തന്നെ തുടരാനാണ് മെസ്സിയുടെ തീരുമാനം എങ്കിൽ അദ്ദേഹം പിഎസ്ജിയുമായി കരാർ പുതുക്കേണ്ടി വരും. ഈയൊരു അവസരം മുതലെടുക്കാൻ MLS ക്ലബ്ബുകൾ ഇപ്പോൾ പരമാവധി ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിയാണ് ലയണൽ മെസ്സിയെ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരിക്കുന്നത്.
MLS ലെ സാലറി നിയമങ്ങൾ എന്നുള്ളത് വളരെ കർശനമാണ്. മെസ്സി MLS ക്ലബ്ബിലേക്ക് വന്നാൽപോലും അദ്ദേഹത്തിന്റെ സാലറി നൽകുക എന്നുള്ളത് പല ക്ലബ്ബുകൾക്കും താങ്ങാൻ കഴിയാത്ത ഒന്നായിരിക്കും. പക്ഷേ 2026 തങ്ങളുടെ രാജ്യത്ത് നടക്കുന്ന വേൾഡ് കപ്പിന് മുന്നേ എങ്ങനെയെങ്കിലും മെസ്സിയെ എത്തിക്കാനുള്ള ഒരു ശ്രമത്തിലാണ് MLS ഉള്ളത്. ഇതിന്റെ ഭാഗമായി കൊണ്ട് ആഴ്ചകൾക്ക് മുന്നേ MLS ക്ലബ്ബ് ഉടമകൾ ഒരു യോഗം ചേരുകയും ഒരു തീരുമാനം കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്.
Lionel Messi isn't short of options in the MLS 😅
— GOAL News (@GoalNews) March 28, 2023
അതായത് ലയണൽ മെസ്സിയെ സൈൻ ചെയ്യാൻ MLS ലെ ഏത് ക്ലബ്ബിനും ശ്രമിക്കാം. മെസ്സി അദ്ദേഹത്തിന് ഇഷ്ടമുള്ള ക്ലബ്ബിനെ തിരഞ്ഞെടുക്കട്ടെ.MLS ലെ ഏത് ക്ലബ്ബിലേക്ക് മെസ്സി വന്നാലും അദ്ദേഹത്തിന്റെ സാലറി നൽകുക എന്നുള്ളത് ആ ക്ലബ്ബിന്റെ മാത്രം ഉത്തരവാദിത്വമായിരിക്കില്ല, മറിച്ച് MLS എല്ലാ ക്ലബ്ബുകളും ചേർന്നു കൊണ്ടാണ് സാലറി നൽകുക. മെസ്സി വന്നു കഴിഞ്ഞാൽ ടിവി റൈറ്റ്സുകൾ, മറ്റു സ്പോൺസർഷിപ്പുകൾ, മറ്റു പരസ്യങ്ങൾ എന്നിവയിലൂടെ MLSന് കൂടുതൽ വരുമാനം ഉണ്ടാവുകയും അതിന്റെ ഗുണങ്ങൾ എല്ലാ ക്ലബ്ബുകൾക്കും ലഭിക്കുകയും ചെയ്യും. ചുരുക്കത്തിൽ മെസ്സിയെ എത്തിക്കാൻ വേണ്ടി MLS ലെ എല്ലാ ക്ലബ്ബുകളും തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണെന്നാണ് പ്രമുഖ മാധ്യമമായ സ്പോർട് കണ്ടെത്തിയിട്ടുള്ളത്.