മെസ്സിയുടെ വരവ് ടീമിന് കൂടുതൽ ഊർജ്ജം നൽകി : പോച്ചെട്ടിനോ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജി റീംസിനെ തകർത്തു വിട്ടത്.മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിക്കായി അരങ്ങേറ്റം കുറിച്ചിരുന്നു.മത്സരത്തിന്റെ 65-ആം മിനുട്ടിൽ നെയ്മറുടെ പകരക്കാരനാണ് മെസ്സി കളത്തിലേക്കിറങ്ങിയത്.മത്സരത്തിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ മെസ്സി സാധിച്ചില്ലെങ്കിലും മത്സരത്തിൽ വിജയിച്ചു കൊണ്ട് തുടങ്ങാൻ മെസ്സിക്ക് സാധിച്ചിരുന്നു. ഏതായാലും മത്സരശേഷം മെസ്സിയെ പരിശീലകനായ പോച്ചെട്ടിനോ പ്രശംസിച്ചിരുന്നു. മെസ്സിയുടെ വരവ് ടീമിന് കൂടുതൽ ഊർജ്ജം നൽകി എന്നാണ് പോച്ചെട്ടിനോ അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ലെ പാരീസിയൻ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഇതൊരു പ്രധാനപ്പെട്ട വിജയമാണ്.ഒരു ഗോൾ പോലും ഞങ്ങൾ വഴങ്ങിയിട്ടില്ല.പല താരങ്ങളും വ്യത്യസ്ഥ ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. പലരും ആദ്യമായിട്ടാണ് കളിക്കുന്നത്.അത് കൊണ്ട് തന്നെ ഈ നാല് വിജയങ്ങൾക്കും വളരെയധികം പ്രാധാന്യമുണ്ട്.മെസ്സിയുടെ ഫസ്റ്റ് ടച്ച് തന്നെ മികച്ച രൂപത്തിലായിരുന്നു എന്നുള്ളതാണ് ഞാൻ കണ്ടത്.ടീമിലേക്ക് ഒരു പ്രസന്നത കൊണ്ടു വരാൻ മെസ്സിക്ക് സാധിച്ചു.അരങ്ങേറ്റത്തിൽ തന്നെ വിജയിക്കാൻ സാധിച്ചത് പ്രധാനപ്പെട്ട കാര്യമാണ്.ടീമിനെ സമന്വയിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.മെസ്സിക്ക് ലഭിച്ച വരവേൽപ്പ് ഒരുപാട് സന്തോഷം നൽകി. പ്രത്യേകിച്ച് റീംസ്‌ ആരാധകർ പോലും മെസ്സിയെ വരവേറ്റത് മനോഹരമായിരുന്നു.മെസ്സി അത് നേടിയെടുത്തതാണ്. മെസ്സിയുടെ വരവ് പുതിയ ഊർജ്ജം നൽകിയിട്ടുണ്ട്.വളരെയധികം ശുഭപ്രതീക്ഷയോടെയാണ് ടീം ഇപ്പോൾ മുന്നോട്ട് പോവുന്നത് ” പോച്ചെട്ടിനോ പറഞ്ഞു.

നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി. ഇനി ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ക്ലർമോന്റ് ഫൂട്ടിനെയാണ് പിഎസ്ജി നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!