മെസ്സിയുടെ പ്രകടനം പോരാ, വിമർശനവുമായി മുൻ ഫ്രഞ്ച് താരം!
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആർബി ലീപ്സിഗിനെതിരെ ഇരട്ട ഗോളുകൾ നേടാൻ പിഎസ്ജി സൂപ്പർ താരം ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു. പിഎസ്ജിക്ക് വേണ്ടി മെസ്സി ആകെ മൂന്ന് ഗോളുകൾ നേടിക്കഴിഞ്ഞു. എന്നാൽ ലീഗ് വണ്ണിൽ ഇതുവരെ മെസ്സി ഗോളുകൾ ഒന്നും നേടിയിട്ടില്ല.
ഏതായാലും മെസ്സിയുടെ പ്രകടനം മികച്ചതല്ലെന്നും താരം കൂടുതൽ മികവോടെ കളിക്കേണ്ടതുണ്ടെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ ഫ്രഞ്ച് താരവും ഫുട്ബോൾ പണ്ഡിറ്റുമായ ഒലിവർ റൂയർ. മെസ്സിയുടെ പ്രകടനത്തിൽ താൻ അസ്വസ്ഥനാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഇദ്ദേഹത്തിന്റെ വാക്കുകൾ പ്രമുഖ ഫ്രഞ്ച് മാധ്യമമായ കനാൽ സപ്പോർട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
‘More Flamboyant’ – French Football Pundit States He’s Disappointed With the Game of Lionel Messi https://t.co/Px2GgPOEFs
— PSG Talk (@PSGTalk) October 22, 2021
” മെസ്സിയെ ശാരീരികമായ പ്രശ്നങ്ങൾ അലട്ടുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.മെസ്സി ഇതുവരെ അദ്ദേഹത്തിന്റെ യഥാർത്ഥ ഫോമിലേക്ക് ഉയർന്നിട്ടില്ല.തീർച്ചയായും മെസ്സിയുടെ കാര്യത്തിൽ എനിക്ക് അസ്വസ്ഥതയുണ്ട്.മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും ആർബി ലീപ്സിഗിനെതിരെയും അദ്ദേഹം പ്രധാനപ്പെട്ട ഗോളുകൾ നേടി എന്നുള്ളത് ശരിയാണ്.പക്ഷേ മത്സരത്തിൽ അതിലും കൂടുതൽ മെസ്സിയിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നു.കൂടുതൽ ഉജ്ജ്വലമായ രീതിയിൽ മെസ്സി കളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.വ്യക്തമായി പറഞ്ഞാൽ മെസ്സി അത് ചെയ്യുന്നുണ്ട്. പക്ഷെ അത് മതിയാവുന്നില്ല.ഒരുപക്ഷെ ഫിസിക്കലി മെസ്സി തയ്യാറായിട്ടുണ്ടാവില്ല.ഏതായാലും മെസ്സി എന്നെ അത്ഭുതപ്പെടുത്തുന്ന നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ ” റൂയർ പറഞ്ഞു.
ഇനി പിഎസ്ജിയുടെ അടുത്ത മത്സരം മാഴ്സെക്കെതിരെയാണ്. മെസ്സി ഈ മത്സരത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.