മെസ്സിയുടെ അരങ്ങേറ്റം ഇന്നുണ്ടാവുമോ? റിപ്പോർട്ട്‌!

സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജി ജേഴ്സിയിലുള്ള അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ടീമിനോടൊപ്പം നല്ല രീതിയിൽ പരിശീലനം നടത്തുന്ന മെസ്സിയുടെ അരങ്ങേറ്റം ഇന്നുണ്ടാവുമോ എന്നാണ് നിലവിൽ ആരാധകരുടെ അലട്ടുന്ന ചോദ്യം. ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ ബ്രെസ്റ്റിനെയാണ് പിഎസ്ജി നേരിടുക.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ബ്രെസ്റ്റിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക. എന്നാൽ ഈ മത്സരത്തിലും മെസ്സി അരങ്ങേറില്ല എന്നാണ് വ്യക്തമാവുന്നത്. മാർക്ക ഉൾപ്പടെയുള്ള പ്രമുഖ മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു.

ബ്രെസ്റ്റിനെതിരെയുള്ള സ്‌ക്വാഡിൽ മെസ്സിയെ പോച്ചെട്ടിനോ ഉൾപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ മെസ്സി ടീമിനൊപ്പം സഞ്ചരിച്ചിട്ടില്ല എന്നുമാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ നെയ്മർ ജൂനിയർ, ലിയാൻഡ്രോ പരേഡസ്‌ എന്നിവരും ഈ മത്സരത്തിൽ കളിക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഇതോടെ മെസ്സിയുടെ അരങ്ങേറ്റം കാണാനായി ആരാധകർ ഇനിയും കാത്തിരിക്കണം.ഓഗസ്റ്റ് 29-ന് റെയിംസിനെതിരെ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഈ മത്സരത്തിൽ മെസ്സിയും നെയ്മറും ഒരുമിച്ച് കളിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം ഗോൾകീപ്പർ ജിയാൻലൂയിജി ഡോണ്ണാരുമ ഇന്ന് അരങ്ങേറ്റം കുറിച്ചെക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.ഏതായാലും തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടായിരിക്കും പിഎസ്ജി ഇന്ന് കളത്തിലേക്കിറങ്ങുക. ആദ്യ രണ്ട് മത്സരത്തിൽ വിജയിച്ച പിഎസ്ജി ടേബിളിൽ മൂന്നാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *