മെസ്സിയും നെയ്മറും എംബപ്പേയുമാണ് പിഎസ്ജിയുടെ യഥാർത്ഥ പരിശീലകർ,ഗാൾട്ടിയറെ കാത്തിരിക്കുന്നത് മുട്ടൻ പണി : മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് താരം!
പിഎസ്ജിയുടെ പുതിയ പരിശീലകനായി കൊണ്ട് ക്രിസ്റ്റോഫ് ഗാൾട്ടിയർ കഴിഞ്ഞ ദിവസമായിരുന്നു ചുമതലയേറ്റത്.മൗറിസിയോ പോച്ചെട്ടിനോയുടെ പകരക്കാരനായി കൊണ്ടാണ് ഗാൾട്ടിയർ ഇപ്പോൾ ക്ലബ്ബിൽ എത്തിയിരിക്കുന്നത്. സൂപ്പർ താരങ്ങളാൽ സമ്പന്നമായ പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുക എന്നുള്ളതാണ് ഇദ്ദേഹത്തിൽ ഏൽപ്പിക്കപ്പെട്ട ദൗത്യം.
ഏതായാലും ഗാൾട്ടിയർക്ക് ഇപ്പോൾ കടുത്ത മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലീഷ് താരമായ ഗബ്രിയേൽ അഗ്ബൊൻലഹോർ. അതായത് പിഎസ്ജിയിലെ യഥാർത്ഥ പരിശീലകർ മെസ്സിയും നെയ്മറും എംബപ്പേയുമൊക്കെയാണെന്നും പിഎസ്ജിയെ പരിശീലിപ്പിക്കാൻ ഗാൾട്ടിയർ വളരെയധികം ബുദ്ധിമുട്ടുമെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇദ്ദേഹത്തിന്റെ വാക്കുകളെ ടോക്ക് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” സത്യസന്ധമായി പറയുകയാണെങ്കിൽ,പിഎസ്ജിയുടെ പരിശീലകനാവുക എന്നുള്ളത് ആരും ആഗ്രഹിക്കാത്ത ഒരു ജോലിയാണ്. നെയ്മറും മെസ്സിയും എംബപ്പേയുമൊക്കെയാണ് ആ ടീമിലുള്ളത്. അതിനനുസരിച്ചുള്ള ഈഗോയും ആ ടീമിനകത്തുണ്ട്. അതൊരിക്കലും പിഎസ്ജിയിൽ വർക്കാവാൻ പോകുന്നില്ല.പോച്ചെട്ടിനോയേക്കാൾ മികച്ച പരിശീലകനാണ് തോമസ് ടുഷേൽ.അദ്ദേഹത്തിന് പോലും അത് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. പുതുതായി വന്ന ഗാൾട്ടിയർക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ല.അദ്ദേഹം അവിടെ നന്നായി ബുദ്ധിമുട്ടുക തന്നെ ചെയ്യും “.
Pundit Details Why Kylian Mbappe, Lionel Messi, & Neymar Make PSG a ‘Horrible Job’ https://t.co/Db7xBuPLCd
— PSG Talk (@PSGTalk) July 6, 2022
” മെസ്സിയും നെയ്മറും എംബപ്പേയുമാണ് ക്ലബ്ബിനെ നടത്തിക്കൊണ്ടുപോകുന്നത്. ഡ്രസ്സിംഗ് റൂമിനെയും നിയന്ത്രിക്കുന്നത് ഈ മൂന്നു താരങ്ങളാണ്. അവരാണ് യഥാർത്ഥത്തിൽ പിഎസ്ജിയുടെ പരിശീലകർ.നിങ്ങൾക്ക് ഒരിക്കലും ഈ താരങ്ങളിൽ ഒരാളെ പിൻവലിക്കാൻ കഴിയില്ല. കാരണം കളത്തിനു പുറത്ത് അവർ അതിന്റെ ദേഷ്യം കാണിക്കും.ഗാൾട്ടിയർ ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത് ഒരു ഭയപ്പെടുത്തുന്ന ജോലിയാണ്. ഉദാഹരണമായി നിങ്ങൾ ടുഷെലിനെ നോക്കൂ.പിഎസ്ജി വിട്ടുകൊണ്ട് അദ്ദേഹം ചെൽസിയിലേക്കാണ് എത്തിയത്. ചെൽസിയിൽ അദ്ദേഹത്തെക്കാൾ വലുതായി ആരുമില്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തു ” ഇതാണ് ഗബ്രിയേൽ അഗ്ബൊൻലഹോർ പറഞ്ഞിട്ടുള്ളത്.
ഏതായാലും വലിയ വെല്ലുവിളി തന്നെയാണ് ഗാൾട്ടിയറെ പിഎസ്ജിയിൽ കാത്തിരിക്കുന്നത്. പക്ഷേ അദ്ദേഹത്തിന് പിഎസ്ജിയെ മികച്ച രൂപത്തിൽ മുന്നോട്ടുകൊണ്ടുപോകാനാവുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.