മെസ്സി,നെയ്മർ,എംബപ്പേ.. ക്ലബ്ബിനെ ബഹുമാനിക്കാത്തവരെയൊന്നും ഇവിടെ വേണ്ട: റോതൻ

നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കിക്കൊണ്ട് ഒരു സ്വപ്നസമാനമായ ടീമിനെ തന്നെ രണ്ടു വർഷങ്ങൾക്കു മുൻപ് പിഎസ്ജി നിർമ്മിച്ചിരുന്നു. മെസ്സിയും നെയ്മറും എംബപ്പേയുമായിരുന്നു മുന്നേറ്റ നിരയിൽ.എന്നാൽ മെസ്സിയും നെയ്മറും കഴിഞ്ഞ സമ്മറിൽ ക്ലബ്ബ് വിട്ടു കഴിഞ്ഞു. വരുന്ന സമ്മറിൽ എംബപ്പേ കൂടി ക്ലബ്ബിനോട് വിട പറയുകയാണ്. ഇക്കാര്യം അദ്ദേഹം പിഎസ്ജിയുടെ പ്രസിഡന്റ് ആയ നാസർ അൽ ഖലീഫിയെ അറിയിച്ചു കഴിഞ്ഞു.

ഏതായാലും ഇക്കാര്യത്തിൽ മുൻ പിഎസ്ജി താരമായിരുന്ന ജെറോം റോതൻ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് മെസ്സി,നെയ്മർ,എംബപ്പേ എന്നിവരെപ്പോലെയുള്ള ക്ലബ്ബിനെ ബഹുമാനിക്കാത്ത സ്റ്റാറുകളെ ഇനി ക്ലബ്ബിന് വേണ്ട എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇത്തരത്തിലുള്ള താരങ്ങളെ പിഎസ്ജി കൊണ്ടുവരരുതെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.RMC സ്പോർട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റോതന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ക്ലബ്ബിനകത്തെ പല ആളുകളുമായും സംസാരിച്ചിരുന്നു.എംബപ്പേയുടെ പോക്കിനെ കുറിച്ച് അവർക്ക് ഇനിയും മനസ്സിലായിട്ടില്ല. മുന്നേറ്റ നിരയിലേക്ക് കൂടുതൽ താരങ്ങളെ എത്തിക്കാനാണ് അവരുടെ പദ്ധതി. ഈ സൂപ്പർതാരങ്ങളെ കൃത്യമായി മാനേജ് ചെയ്യാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല. ഇവിടെ പല കാര്യങ്ങളും സംഭവിക്കാൻ കാരണം ഈ സൂപ്പർതാരങ്ങൾ പിഎസ്ജി എന്ന ക്ലബ്ബിനേക്കാൾ വലുതാണെന്ന് സ്വയം കരുതി. ഈ താരങ്ങൾ ക്ലബ്ബിലേക്ക് എത്തിയത് വലിയ അവകാശവാദവുമായിട്ടാണ്. മെസ്സിയോ നെയ്മറോ ഇവിടെ ഇമ്പാക്ടുകൾ ഒന്നും ഉണ്ടാക്കിയിട്ടില്ല. ഒരുപാട് മിസ്റ്റേക്കുകൾ ഉണ്ടാക്കുകയും ക്ലബ്ബിനകത്ത് ചെറിയ ഗ്രൂപ്പുകളായി മാറുകയും ചെയ്തു.ഇത്തരത്തിലുള്ള അഹങ്കാരികളായ താരങ്ങളെ ഇനി കൊണ്ടുവരേണ്ടതില്ല ” ഇതാണ് റോതൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും സമീപകാലത്ത് കൊണ്ടുവന്ന സൂപ്പർതാരങ്ങൾ എല്ലാം ക്ലബ്ബിനോട് വിട പറഞ്ഞുകൊണ്ടിരിക്കുകയാണ്.പകരം മറ്റു മികച്ച താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തിക്കൊണ്ടിരിക്കുകയാണ്.എംബപ്പേ ക്ലബ്ബ് വിട്ടാൽ പകരം മുന്നേറ്റ നിരയിലേക്ക് മൂന്നു താരങ്ങളെ എങ്കിലും കൊണ്ടുവരാനാണ് പിഎസ്ജി ഇപ്പോൾ ലക്ഷ്യം വെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *