മെസ്സിക്ക് പിന്നാലെ നെയ്മറും അമേരിക്കയിലേക്ക്? താല്പര്യം പ്രകടിപ്പിച്ച് MLS വമ്പന്മാർ!

നെയ്മർ ജൂനിയറുടെ ട്രാൻസ്ഫർ റൂമറുകൾ ഇപ്പോഴും ഫുട്ബോൾ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ട്. ഇക്കാര്യം അദ്ദേഹം ക്ലബ്ബിന് അറിയിക്കുകയും പിഎസ്ജി അതിന് തയ്യാറായി എന്നുമാണ് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്.മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് പോകാനാണ് നെയ്മർക്ക് താല്പര്യം.

പക്ഷേ ബാഴ്സക്ക് മുന്നിൽ ഒരുപാട് തടസ്സങ്ങളുണ്ട്.സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഇപ്പോഴും ബാഴ്സയെ വല്ലാതെ അലട്ടുന്നത്. ഇതിനിടെ ഫാബ്രിസിയോ റൊമാനോയെ ഉദ്ധരിച്ചുകൊണ്ട് ഗോൾ ഡോട്ട് കോം ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. നെയ്മർ ജൂനിയറെ സ്വന്തമാക്കാൻ അമേരിക്കൻ ക്ലബ്ബുകൾക്ക് താല്പര്യമുണ്ട്. പ്രത്യേകിച്ച് ലോസ് ആഞ്ചലസ് എഫ്സി നെയ്മർക്ക് വേണ്ടി നീക്കങ്ങൾ നടത്താൻ തയ്യാറെടുത്തു കഴിഞ്ഞു.

150 മില്യൺ യൂറോയാണ് നെയ്മറുടെ പുതിയ വിലയായി കൊണ്ട് പിഎസ്ജി നിശ്ചയിച്ചിരിക്കുന്നത്.പിഎസ്ജിയുടെ സൂപ്പർ താരമായിരുന്ന ലയണൽ മെസ്സി ക്ലബ്ബ് വിട്ടുകൊണ്ട് അമേരിക്കയിൽ എത്തിയിരുന്നു.ഇന്റർ മായാമിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് മെസ്സി ഇപ്പോൾ നടത്തുന്നത്.നാലുമത്സരങ്ങൾ ആകെ കളിച്ച മെസ്സി ഏഴ് ഗോളുകളും ഒരു അസിസ്റ്റും ക്ലബ്ബിനുവേണ്ടി നേടിക്കഴിഞ്ഞു.ഇതിന് പിന്നാലെയാണ് നെയ്മറും അമേരിക്കയിൽ എത്തുമെന്നുള്ള റൂമറുകൾ സജീവമാകുന്നത്.

എഫ്സി ബാഴ്സലോണ, ചെൽസി,അൽ ഹിലാൽ എന്നീ ക്ലബ്ബുകളെയാണ് നെയ്മറുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ പുറത്തേക്ക് വരുന്നത്. നെയ്മർ ഏത് ഓപ്ഷൻ തിരഞ്ഞെടുക്കുമെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. നെയ്മറുടെ ഉയർന്ന സാലറി തന്നെയാണ് പ്രധാന തടസ്സമായി കൊണ്ട് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ നെയ്മർ ഇത്തവണയും പിഎസ്ജിയിൽ തുടർന്നാലും അതിൽ അത്ഭുതപ്പെടേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *