മെസ്സിക്ക് പിഎസ്ജിയിൽ തിളങ്ങാനാവാത്തത് എന്തുകൊണ്ട്? ഹെൻറി പറയുന്നു!

ഈ സീസണിൽ പിഎസ്ജിയിലേക്കെത്തിയ സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചെടുത്തോളം കാര്യങ്ങൾ അത്ര നല്ല രൂപത്തിലുള്ള മുന്നോട്ടു പോകുന്നത്. ഇതുവരെ തന്റെ യഥാർത്ഥ ഫോമിലേക്ക് ഉയരാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. കഴിഞ്ഞ നീസിനെതിരെയുള്ള മത്സരത്തിൽ പിഎസ്ജി പരാജയപ്പെട്ടപ്പോഴും മെസ്സിക്ക് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.

എന്നാൽ ലയണൽ മെസ്സിക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ ഫ്രഞ്ച് ഇതിഹാസവും മെസ്സിയുടെ മുൻ സഹതാരവുമായിരുന്ന തിയറി ഹെൻറി.മറ്റൊരു ക്ലബ്ബിൽ അഡാപ്റ്റാവുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും താൻ ബാഴ്സയിൽ അഡാപ്റ്റാവാൻ ഒരു വർഷത്തോളം സമയമെടുത്തു എന്നുമാണ് ഹെൻറി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ലെ എക്യുപെ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നമ്മൾ മെസ്സി, നെയ്മർ എന്നിവരെ കുറിച്ച് സംസാരിക്കുമ്പോൾ മറക്കാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്, അതായത് ഇവരെല്ലാം അസാധാരണമായ താരങ്ങളാണ്. കരഞ്ഞുകൊണ്ടാണ് ലയണൽ മെസ്സി മെസ്സി ബാഴ്സലോണ വിട്ടത്.അതൊരിക്കലും പദ്ധതിയുടെ ഭാഗമായിരുന്നില്ല. ഒരിക്കലും വിട്ടു പോകേണ്ടി വരില്ല എന്ന് നിങ്ങൾ കരുതുന്ന സ്ഥലത്ത് നിന്നും അപ്രതീക്ഷിതമായി നിങ്ങൾക്ക് പോവേണ്ടി വരുമ്പോൾ അത് വൈകാരികമായ ഒരു ഞെട്ടൽ സൃഷ്ടിക്കും.മെസ്സിക്ക് പാരീസിൽ കുഴപ്പമൊന്നുമുണ്ടാവില്ല, അദ്ദേഹത്തിന് വേണ്ടതെല്ലാം അവിടെയുണ്ടാകുമെന്നൊക്കെ ആളുകൾ പറയും. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ.അതത്ര എളുപ്പമല്ല.ആഴ്സണൽ വിട്ടുകൊണ്ട് ബാഴ്സയിലേക്ക് എത്തിയ എനിക്ക് കംഫർട്ടബിളാവാൻ ഒരു വർഷം വേണ്ടി വന്നു. അവിടുത്തെ സമ്പ്രദായങ്ങൾ എല്ലാം നാം പഠിക്കേണ്ടതുണ്ട്. കൂടാതെ മാനസികമായ ഒരു വശം കൂടി ഇതിനുണ്ട് ” ഇതാണ് ഹെൻറി പറഞ്ഞത്.

ലീഗ് വണ്ണിൽ 17 മത്സരങ്ങളിൽനിന്ന് 2 ഗോളുകളും 10 അസിസ്റ്റുകളുമാണ് മെസ്സിയുടെ സമ്പാദ്യം. ഇനി റയലിനെയാണ് പിഎസ്ജി നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *