മെസ്സിക്ക് പിഎസ്ജിയിൽ തിളങ്ങാൻ കഴിയാത്തത് എന്ത്കൊണ്ട്? സുവാരസ് പറയുന്നു!
ഈ സീസണിൽ പിഎസ്ജിയിൽ എത്തിയ ലയണൽ മെസ്സിക്ക് പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചിട്ടില്ല എന്നുള്ളത് യാഥാർഥ്യമാണ്. ലീഗ് വണ്ണിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് മെസ്സിക്ക് നേടാൻ സാധിച്ചിട്ടുള്ളത്. ഇത് ആരാധകർക്കിടയിൽ ഒരല്പം ആശങ്ക ഉണ്ടാക്കുന്നുണ്ട്.
എന്നാൽ മെസ്സിക്ക് എന്തുകൊണ്ടാണ് പിഎസ്‌ജിയിൽ തിളങ്ങാൻ കഴിയാത്തത് എന്നുള്ളതിന്റെ കാരണം മെസ്സിയുടെ ഉറ്റസുഹൃത്തായ ലൂയിസ് സുവാരസ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഫ്രാൻസിലെ തണുപ്പേറിയ കാലാവസ്ഥയാണ് മെസ്സിക്ക് തടസ്സമാവുന്നത് എന്നാണ് സുവാരസ് അറിയിച്ചിട്ടുള്ളത്. മെസ്സി തന്നോട് ഇക്കാര്യം പറഞ്ഞു എന്നും സുവാരസ് കൂട്ടിച്ചേർത്തിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ TNT സ്പോർട്സ് അർജന്റീന റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
‘Playing in the Cold’ – Luis Suarez States Lionel Messi Is Having Trouble Adjusting to the Weather in France https://t.co/RGS2rCB7Vw
— PSG Talk (@PSGTalk) December 5, 2021
” ഞങ്ങൾ ദിവസവും സംസാരിക്കാറുണ്ട്. അമിത പ്രതീക്ഷകൾ ഒഴിവാക്കാനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്, കാരണം ഞങ്ങൾ താരങ്ങളാണ്. ഇത്തരം നിമിഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് ഞങ്ങൾക്കറിയാം. ഞങ്ങൾ മത്സരങ്ങളെ കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം സംസാരിക്കാറുണ്ട്.തണുപ്പേറിയ കാലാവസ്ഥയിൽ കളിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മെസ്സി തന്നെ അറിയിച്ചിരുന്നു.മഞ്ഞ് അദ്ദേഹത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇനി ഈ കാലാവസ്ഥയോട് അദ്ദേഹം ഇഴകി ചേരേണ്ടതുണ്ട് ” സുവാരസ് പറഞ്ഞു.
തണുപ്പേറിയ കാലാവസ്ഥകളിൽ കളിച്ചു പരിചയമില്ലാത്ത താരമാണ് മെസ്സി.ബാഴ്‌സയിലും അർജന്റീനയിലും കാലാവസ്ഥകൾ ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു.നിലവിൽ പിഎസ്ജിക്ക് വേണ്ടി 13 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.