മൂന്ന് സൂപ്പർ താരങ്ങളുമായി കരാറിലെത്തി,PSG ഇത്തവണയും രണ്ടും കല്പിച്ച് തന്നെ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ലയണൽ മെസ്സി,സെർജിയോ റാമോസ്,അഷ്‌റഫ് ഹക്കീമി,ഡോണ്ണാരുമ,വൈനാൾഡം എന്നീ സൂപ്പർ താരങ്ങളെ പിഎസ്ജി സ്വന്തമാക്കിയിരുന്നു. ഈ ട്രാൻസ്ഫർ ജാലകത്തിൽ നുനോ മെന്റസിനെ സ്ഥിരപ്പെടുത്തിയ ക്ലബ്ബ് വീട്ടിഞ്ഞോയെ ടീമിൽ എത്തിക്കുകയും ചെയ്തു.

എന്നാൽ ഇതുകൊണ്ടൊന്നും പിഎസ്ജി നിർത്താൻ ഉദ്ദേശിക്കുന്നില്ല. മൂന്ന് സൂപ്പർതാരങ്ങളെ കൂടി പിഎസ്ജി ഉടൻതന്നെ ടീമിൽ എത്തിച്ചേക്കും.മിലാൻ സ്ക്രീനിയർ,ജിയാൻ ലൂക്ക സ്‌കമാക്ക,റെനാറ്റോ സാഞ്ചസ് എന്നിവരെയാണ് പിഎസ്ജി സ്വന്തമാക്കാൻ സാധ്യതയുള്ളത്.

ഈ മൂന്ന് താരങ്ങളുമായും പിഎസ്ജി പേഴ്സണൽ ടെംസ്‌ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.ഇനി ക്ലബുകളുമായാണ് കരാറിൽ എത്തേണ്ടത്. അത് ഈ ആഴ്ച്ച അവസാനത്തോടുകൂടി സാധ്യമാവുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പോർച്ചുഗീസ് താരമായ റെനാറ്റോ സാഞ്ചസിൽ മിലാന് താല്പര്യം ഉണ്ടായിരുന്നുവെങ്കിലും താരത്തിന് പിഎസ്ജിയിൽ എത്താനാണ് താല്പര്യം.10 മില്യൺ യുറോയാണ് താരത്തിന് വേണ്ടി പിഎസ്ജി ലില്ലിക്ക് ഓഫർ ചെയ്തിരിക്കുന്നത്.

അതേസമയം സ്ക്രീനിയറുടെ കാര്യത്തിൽ ട്രാൻസ്ഫർ ഫീയിൽ മാത്രമാണ് ഇപ്പോൾ തടസ്സങ്ങൾ ഉള്ളത്.80 മില്യൺ യൂറോയാണ് ഇന്റർ മിലാൻ പ്രതീക്ഷിക്കുന്നത്. എന്നാൽ പരമാവധി 60 മില്യൺ യൂറോയാണ് ചിലവഴിക്കാൻ വേണ്ടി പിഎസ്ജി കരുതിയിരിക്കുന്നത്.

സാസുവോളോയുടെ മുന്നേറ്റ നിര താരമായ സ്‌കമാക്കക്ക് വേണ്ടിയുള്ള ചർച്ചകൾ ഈ മാസം തുടക്കത്തിൽ തന്നെ പിഎസ്ജി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 16 ഗോളുകൾ നേടിയ താരമാണ് സ്‌കമാക്ക.സാസുവോളോയുമായി കരാറിൽ എത്താൻ കഴിയുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.

ഏതായാലും ഈ മൂന്ന് താരങ്ങളും പിഎസ്ജിയിൽ എത്തിയേക്കുമെന്ന് തന്നെയാണ് ഫ്രഞ്ച് മാധ്യമങ്ങളുടെ അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *