മറ്റുള്ള താരങ്ങൾക്കില്ലാത്ത ക്വാളിറ്റി അദ്ദേഹത്തിനുണ്ട് : സൂപ്പർ താരത്തെ പ്രശംസിച്ച് ഗാൾട്ടിയർ!

പോർച്ചുഗീസ് സൂപ്പർ താരമായ റെനാറ്റോ സാഞ്ചസിനെ കൂടി സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. മറ്റൊരു ലീഗ് വൺ ക്ലബ്ബായ ലില്ലിയിൽ നിന്നാണ് താരമിപ്പോൾ പിഎസ്ജിയിൽ എത്തിയിരിക്കുന്നത്. മധ്യനിരയിലേക്ക് പിഎസ്ജി സ്വന്തമാക്കുന്ന രണ്ടാമത്തെ പോർച്ചുഗൽ താരമാണ് സാഞ്ചസ്. നേരത്തെ വീറ്റിഞ്ഞയെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.

ഏതായാലും റെനാറ്റോ സാഞ്ചസിനെ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ വാനോളം പ്രശംസിച്ചിട്ടുണ്ട്. മറ്റുള്ള താരങ്ങൾക്ക് ഒന്നുമില്ലാത്ത ഒരു പ്രത്യേക ക്വാളിറ്റിയുള്ള താരമാണ് സാഞ്ചസ് എന്നാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.നേരത്തെ ലില്ലിയിൽ വെച്ച് സാഞ്ചസിനെ പരിശീലിപ്പിച്ച് പരിചയമുള്ള വ്യക്തി കൂടിയാണ് ഗാൾട്ടിയർ. അദ്ദേഹത്തിന്റെ വാക്കുകളെ പിഎസ്ജി ടോക്ക് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” മറ്റുള്ള താരങ്ങൾക്ക് ഇല്ലാത്ത ക്വാളിറ്റികൾ ഉള്ള താരമാണ് റെനാറ്റോ സാഞ്ചസ്.ഞാൻ അദ്ദേഹത്തെ വെറാറ്റിയുമായോ വീറ്റിഞ്ഞയുമായോ ഡാനിലോയുമായോ താരതമ്യം ചെയ്യുകയാണെങ്കിൽ അദ്ദേഹം അവരിൽനിന്ന് വ്യത്യസ്തമായ ഒരു താരമാണ്. അദ്ദേഹം വളരെയധികം എക്സ്പ്ലോസീവാണ്. നല്ല ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയും. ഫ്രഞ്ച് ചാമ്പ്യൻഷിപ്പിന് നന്നായി അറിയുന്ന ഒരു താരത്തെ സ്വന്തമാക്കാനുള്ള ഒരു അവസരം ഞങ്ങൾക്ക് മുന്നിലേക്ക് വന്നു. തീർച്ചയായും ഞങ്ങൾ ആ അവസരം മുതലെടുത്തു.എന്നാൽ സാഞ്ചസ് ഉടൻതന്നെ കളിക്കാൻ ആരംഭിക്കില്ല. കാരണം പ്രീ സീസണിൽ അദ്ദേഹത്തിന് വേണ്ടവിധത്തിൽ തയ്യാറെടുപ്പുകൾ ലഭിച്ചിട്ടില്ല. അദ്ദേഹം ട്രാൻസ്ഫറിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.വൈകി കൊണ്ടാണ് അദ്ദേഹം ടീമിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾ റിസ്ക് എടുത്തില്ല.പക്ഷേ വ്യത്യസ്തനായ ഒരു താരത്തെയാണ് ഞങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത് ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ലീഗ് വണ്ണിൽ 25 മത്സരങ്ങൾ കളിക്കാൻ സാഞ്ചസിന് കഴിഞ്ഞിട്ടുണ്ട്. അതിൽ നിന്ന് 7 ഗോൾ പങ്കാളിത്തങ്ങളാണ് താരം വഹിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *