ബാലൺ ഡി’ഓർ നേടുമോ? ഒരുമിച്ച് പറഞ്ഞ് നെയ്മറും എംബപ്പേയും!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് ലഭിക്കുന്ന ബാലൺ ഡി’ഓർ നേടുക എന്നുള്ളത് ഏതൊരു ഫുട്ബോൾ താരത്തിന്റെയും സ്വപ്നമായിരിക്കും. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർക്കും കിലിയൻ എംബപ്പേക്കും ഇതുവരെ ബാലൺ ഡി’ ഓർ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ തങ്ങൾക്ക്‌ ബാലൺ ഡി’ഓർ നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.എന്നാൽ പ്രഥമ പരിഗണന ബാലൺ ഡി’ഓറിന് അല്ലെന്നും പിഎസ്ജിക്ക്‌ കിരീടങ്ങൾ നേടികൊടുക്കുന്നതിനാണ് മുൻഗണന നൽകുക എന്നും ഇരുവരും കൂട്ടിച്ചേർത്തിട്ടുണ്ട്. പിഎസ്ജിയുടെ ഒഫീഷ്യൽ മാഗസിന് ഇരുവരും ഒരു ഇന്റർവ്യൂ നൽകിയിരുന്നു. ഈയൊരു ഇന്റർവ്യൂവിലാണ് ഇരുവരും ഇക്കാര്യങ്ങളെ കുറിച്ച് പറഞ്ഞത്.

ആദ്യം നമുക്ക് എംബപ്പേയുടെ വാക്കുകൾ പരിശോധിക്കാം. എംബപ്പേ പറയുന്നത് ഇങ്ങനെയാൻ. ” ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഞാൻ വിശ്വസിക്കുന്നത് പിഎസ്ജി കിരീടങ്ങൾ നേടികൊടുക്കുക എന്നുള്ളതാണ്.ഒരുദിവസം പിഎസ്ജി കിരീടങ്ങൾ സ്വന്തമാക്കുകയും നെയ്മർ മികച്ച താരമാവുകയും ചെയ്താൽ തീർച്ചയായും അദ്ദേഹം ബാലൺ ഡി’ഓർ അർഹിക്കുന്നുണ്ട്. നെയ്മർ അത് നേടിയെടുക്കുക തന്നെ ചെയ്യും.ഒരു ദിവസം ഞാൻ ആണ് ആ സ്ഥാനത്തെങ്കിൽ ഞാനും ബാലൺ ഡി’ഓർ സ്വന്തമാക്കും.പക്ഷേ ഇവിടെ മുൻഗണന ഞങ്ങൾ നൽകുന്നത് പിഎസ്ജിക്കാണ്.ഞങ്ങൾ ഒരേ ജേഴ്സിയാണ് ധരിക്കുന്നത്.നല്ല രൂപത്തിലാണ് ഞങ്ങൾ മുന്നോട്ട് പോവുന്നത്.ഞങ്ങൾ സുഹൃത്തുക്കളാണ്. തീർച്ചയായും സുഹൃത്തുക്കളാവുമ്പോൾ കളിക്കാൻ എളുപ്പമാണ് ” ഇതാണ് എംബപ്പേ പറഞ്ഞത്.

അതേസമയം അടുത്തിരുന്ന നെയ്മർ ഇതിനോട് യോജിക്കുകയും ചെയ്തു. നെയ്മർ പറഞ്ഞത് ഇങ്ങനെയാണ്. ” എനിക്കും എംബപ്പേ പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് ഉള്ളത്.സാധ്യമായ കാലമത്രയും ഒരുമിച്ച് കളിക്കേണ്ട ഒരു മികച്ച കൂട്ടുകെട്ടാണ് ഞങ്ങളുടേത്.ഞങ്ങൾ ഒരേ ടീമിന് വേണ്ടിയാണ് കളിക്കുന്നത്.എംബപ്പേ എപ്പോഴും മികച്ച പ്രകടനം കാഴ്ച്ചവെക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ കാര്യത്തിൽ അദ്ദേഹവും അങ്ങനെ തന്നെയാണ്.ഇവിടെ ഞങ്ങൾ പ്രാധാന്യം നൽകുന്നത് പിഎസ്ജി ചാമ്പ്യൻമാരാക്കുന്നതിലാണ് ” ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്. ഏതായാലും ഈ വരുന്ന സീസണിലും ഇരുവരും ഒരുമിച്ച് പിഎസ്ജിയുടെ മുന്നേറ്റനിരയിൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *