ഫ്രാൻസിലെ ഏറ്റവും വലിയ ക്ലബ് മാഴ്സെ, മെസ്സി കേവലമൊരു എതിരാളി മാത്രം: മുൻ പിഎസ്ജി താരമായിരുന്ന ഗുണ്ടോസി പറയുന്നു!

പിഎസ്ജിയുടെ യൂത്ത് ടീമിലൂടെയായിരുന്നു മുൻ ആഴ്സണൽ താരമായ മാറ്റിയോ ഗുണ്ടോസി വളർന്നിരുന്നത്. എന്നാൽ പിന്നീട് താരം പിഎസ്ജി വിടുകയായിരുന്നു. ഒടുവിൽ ഇപ്പോൾ ഗുണ്ടോസി ആഴ്സണലിൽ നിന്നും ഫ്രഞ്ച് ക്ലബായ മാഴ്സെയിലാണ് ലോണിൽ കളിക്കുന്നത്. ഇപ്പോഴിതാ പിഎസ്ജി തന്റെ ഫേവറേറ്റ് ക്ലബ് അല്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ താരം. ഫ്രാൻസിലെ ഏറ്റവും വലിയ ക്ലബ് മാഴ്സെയാണ് എന്നാണ് താരം അറിയിച്ചത്.അദ്ദേഹത്തിന്റെ ലെ ഒൺസെ മോണ്ടിയേൽ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഇവിടെ കരാറിൽ ഒപ്പ് വെക്കുന്നതിന് മുമ്പ് പിഎസ്ജിയെ കുറിച്ച് ചോദിക്കുമെന്നും ഞാൻ അതിനെ പറ്റി സംസാരിക്കേണ്ടി വരുമെന്നും എനിക്കറിയാമായിരുന്നു.ഞാൻ പോയ്സി എന്ന സ്ഥലത്താണ് ജനിച്ചത്. അതുകൊണ്ടാണ് ഞാൻ പിഎസ്ജിയിലൂടെ വളർന്നത്.നിങ്ങളുടെ കുട്ടിക്കാലത്ത് നിങ്ങളുടെ വീടിന് തൊട്ടടുത്തുള്ള അക്കാദമിയിലൂടെയായിരിക്കും നിങ്ങൾ വളരുക.എന്റെ സിറ്റിയിൽ അത് പിഎസ്ജിയായിരുന്നു.പക്ഷേ ഇന്ന് ഞാൻ ഒളിമ്പിക് മാഴ്സെയുടെ താരമാണ്. ഫ്രാൻസിലെ ഏറ്റവും വലിയ ക്ലബ്ബായ മാഴ്സെയിൽ എത്തിയതിൽ ഞാൻ സന്തോഷവാനാണ് ” ഗുണ്ടോസി പറഞ്ഞു.

അതേസമയം മെസ്സിയെ കുറിച്ചും ഗുണ്ടോസി പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ” മെസ്സിയുടെ വരവ് ലീഗ് വണ്ണിന് ഗുണകരമാകും. കാരണം അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം മറ്റേത് താരത്തെ പോലെയും കേവലമൊരു എതിരാളി മാത്രമാണ് ” ഗുണ്ടോസി അറിയിച്ചു.

ഈ മാസം 24-ആം തിയ്യതിയാണ് മാഴ്സെയും പിഎസ്ജിയും ഏറ്റുമുട്ടുക. പലപ്പോഴും അനിഷ്ടസംഭവങ്ങൾ അരങ്ങേറിയിട്ടുള്ള മത്സരമാണ് പിഎസ്ജി Vs മാഴ്സെ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *