പോച്ചെട്ടിനോയുടെ സ്ഥാനം ഉടൻ തെറിച്ചേക്കും,നടക്കേണ്ടത് ഈയൊരു കാര്യം മാത്രം!

ഈ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.ലീഗ് വൺ കിരീടം നേടിയെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ തന്നെ പിഎസ്ജി പുറത്താവുകയായിരുന്നു. താരസമ്പന്നമായ പിഎസ്ജിയുടെ ഈ പുറത്താവൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.

അതുകൊണ്ടുതന്നെ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയെ പിഎസ്ജി പുറത്താക്കുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമായിരുന്നു. ഇപ്പോഴിതാ അക്കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതായത് ഉടൻ തന്നെ പോച്ചെട്ടിനോയെ പുറത്താക്കാനാണ് പിഎസ്ജിയുടെ പദ്ധതി. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വരുംദിവസങ്ങളിൽ തന്നെ പോച്ചെട്ടിനോയെ പുറത്താക്കാനാണ് പിഎസ്ജി ഉദ്ദേശിക്കുന്നത്. പക്ഷേ ഒഫീഷ്യലായി പ്രഖ്യാപിക്കാൻ ഇനി ഒരു യോഗം കൂടി നടക്കേണ്ടതുണ്ട്.നാസർ അൽ ഖലീഫി പാരീസിലേക്ക് തിരിച്ചെത്തിയാലുടൻ തന്നെ ഈ യോഗം നടക്കും.അതിന് ശേഷം പോച്ചെട്ടിനോയെ പുറത്താക്കിയ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.

കൂടാതെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോയേയും പിഎസ്ജി പുറത്താക്കും.കാമ്പോസായിരിക്കും പിഎസ്ജിയുടെ പുതിയ സ്പോർട്ടിംഗ് ഡയറക്ടറായി കൊണ്ട് ചുമതലയേൽക്കുക. അതേസമയം പിഎസ്ജിയുടെ പുതിയ പരിശീലകൻ ആരായിരിക്കുമെന്നുള്ളത് അവ്യക്തമായ കാര്യമാണ്.

അതേസമയം പോച്ചെട്ടിനോയെ പുറത്താക്കിയാൽ വലിയ ഒരു തുക നഷ്ടപരിഹാരമായി കൊണ്ട് പിഎസ്ജി നൽകേണ്ടിവരും. ഏകദേശം 15 മില്യൺ യുറോയോളമായിരിക്കും പിഎസ്ജി നൽകേണ്ടി വരിക.

Leave a Reply

Your email address will not be published. Required fields are marked *