പോച്ചെട്ടിനോക്ക് നെയ്മറെ വേണ്ട,ചെൽസിയുടെ വാതിലുകൾ അടയുന്നു!
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറുടെ ട്രാൻസ്ഫർ റൂമറുകൾ ഒരിക്കൽ കൂടി സജീവമാവുകയാണ്.പിഎസ്ജി വിടാനുള്ള ആഗ്രഹം നെയ്മർ പിഎസ്ജിയെ അറിയിച്ചു കഴിഞ്ഞുവെന്ന് ഫ്രഞ്ച് മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ നെയ്മറെ ബാഴ്സയുമായും ചെൽസിയുമായും ബന്ധപ്പെടുത്തിക്കൊണ്ട് റിപ്പോർട്ടുകൾ സജീവമായിരുന്നു.
നെയ്മറെ സ്വന്തമാക്കാൻ ചെൽസിയുടെ ഉടമയായ ടോഡ് ബോഹ്ലിക്ക് താല്പര്യമുണ്ട്. നെയ്മറുടെ പ്രതിനിധികൾ ചെൽസിയുമായി ചർച്ചകൾ തുടർന്നിരുന്നു. എന്നാൽ ഇതിലെ ഏറ്റവും പുതിയ വിവരങ്ങൾ ഈവനിംഗ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് നെയ്മർ ജൂനിയറെ ചെൽസിയിലേക്ക് കൊണ്ടുവരാൻ അവരുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോക്ക് താല്പര്യമില്ല. ചെൽസിയുടെ വാതിലുകൾ നെയ്മർക്ക് മുന്നിൽ അടയുകയാണ്.
🚨 Mauricio Pochettino doesn't want Neymar at Chelsea.
— Transfer News Live (@DeadlineDayLive) August 8, 2023
(Source: @NizaarKinsella) pic.twitter.com/gWBs0ySXtl
അതായത് ചെൽസിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ശൈലിക്ക് നെയ്മർ ജൂനിയർ അനുയോജ്യമാകുമോ എന്ന പോച്ചെട്ടിനോക്ക് സംശയങ്ങളുണ്ട്. നേരത്തെ പിഎസ്ജിയിൽ വെച്ച് കൊണ്ട് നെയ്മറെ പരിശീലിപ്പിച്ചിട്ടുള്ള പരിശീലകനാണ് പോച്ചെട്ടിനോ. അതുകൊണ്ടുതന്നെ ഈ റീബിൽഡിങ് പ്രക്രിയയിലേക്ക് നെയ്മറെ കൊണ്ടുവരേണ്ടതില്ല എന്നാണ് പോച്ചെട്ടിനോയുടെ തീരുമാനം.കൈസേഡോ ഉൾപ്പെടെയുള്ള താരങ്ങളിലാണ് ഇപ്പോൾ ബ്ലൂസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മറ്റൊരു ക്ലബ്ബ് എഫ്സി ബാഴ്സലോണയാണ്. പ്രസിഡണ്ടായ ലാപോർട്ടക്ക് നെയ്മർ എത്തിക്കാൻ താല്പര്യമുണ്ട്. പക്ഷേ അവരുടെ സാമ്പത്തിക പ്രതിസന്ധി എപ്പോഴും ഇതിനൊരു തടസ്സമാണ്. നിലവിലെ സാഹചര്യത്തിൽ നെയ്മർ പിഎസ്ജിയിൽ തന്നെ തുടരാനാണ് സാധ്യതയുള്ളത്. അടുത്ത ശനിയാഴ്ച നടക്കുന്ന ലീഗ് വണ്ണിലെ ആദ്യ മത്സരത്തിൽ നെയ്മർ ക്ലബ്ബിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.