പോഗ്ബയുടെ കൂടോത്ര ആരോപണം എംബപ്പേയോ ബാധിച്ചുവോ? ഗാൾട്ടിയർ പറഞ്ഞത്!

കഴിഞ്ഞ ഒന്ന് രണ്ട് ദിവസങ്ങളായി ഫ്രഞ്ച് ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് സൂപ്പർ താരം പോൾ പോഗ്ബയും അദ്ദേഹത്തിന്റെ സഹോദരനായ മത്യാസ് പോഗ്ബയുമാണ്.പോൾ പോഗ്ബക്കെതിരെ സഹോദരൻ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. അതിലൊന്നായിരുന്നു കിലിയൻ എംബപ്പേയുടെ ഫോം നഷ്ടമാവാൻ വേണ്ടി പോൾ പോഗ്ബ മന്ത്രവാദിയെ സമീപിച്ചുകൊണ്ട് കൂടോത്രം ചെയ്തിരുന്നു എന്നുള്ളത്.എന്നാൽ പോൾ പോഗ്ബ ഇതെല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു.

ഏതായാലും ഈ ആരോപണങ്ങൾ ഉയർന്നു വന്നതോടെ കിലിയൻ എംബപ്പേ വളരെ അസ്വസ്ഥനായി എന്നുള്ള റിപ്പോർട്ടുകൾ ഫ്രഞ്ച് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.എന്നാൽ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ ഈ വിഷയത്തിൽ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ഈ പ്രശ്നങ്ങൾ എംബപ്പേയെ ബാധിച്ചതായി തോന്നുന്നില്ലെന്നും എന്നാൽ താൻ ഇക്കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് താരവുമായി സംസാരിക്കാത്തതിനാൽ നിജസ്ഥിതി അറിയില്ല എന്നുമാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഈ പ്രശ്നങ്ങൾ എംബപ്പേയെ ബാധിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്നുണ്ട്.പരിശീലനത്തിൽ വളരെയധികം ഹാപ്പിയാണ്. അദ്ദേഹം വളരെ ഊർജ്ജസ്വലനുമാണ്. ഈ ആരോപണങ്ങൾ അദ്ദേഹത്തിന്റെ പ്രകടനത്തിലോ അതല്ലെങ്കിൽ മാനസികമായോ ഇമ്പാക്ട് ചെയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ ഇത് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ല. കാരണം ഈ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് ഞാൻ എംബപ്പേയോട് സംസാരിച്ചിട്ടില്ല ” ഇതാണ് പിഎസ്ജിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും എംബപ്പേ വിഷയങ്ങളെ ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടോ എന്നുള്ളത് അവ്യക്തമായ കാര്യമാണ്. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് എംബപ്പേ പോൾ പോഗ്ബയുടെ സഹോദരനായ മത്യാസ് പോഗ്ബയെ വിളിച്ചിരുന്നു എന്നുള്ള റൂമറുകളൊക്കെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!