പെപ് ഗാർഡിയോളയെ സ്വന്തമാക്കണം,അവസരം മുതലെടുക്കാൻ PSG.
മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ ഒരു കടുത്ത പ്രതിസന്ധിയിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.FFP നിയമങ്ങളുടെ കാര്യത്തിൽ ഗുരുതരമായ ലംഘനങ്ങൾ മാഞ്ചസ്റ്റർ സിറ്റി നടത്തിയിട്ടുണ്ട് എന്നുള്ളത് കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ കടുത്ത ശിക്ഷ നടപടികൾ ഒരുപക്ഷേ മാഞ്ചസ്റ്റർ സിറ്റിക്ക് നേരിടേണ്ടി വന്നേക്കും.ഏതൊക്കെ രൂപത്തിലുള്ള ശിക്ഷകളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ഏൽക്കേണ്ടി വരിക എന്നുള്ളതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള നേരത്തെ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. അതായത് ക്ലബ്ബ് അധികൃതർ തന്നോട് നുണ പറഞ്ഞു എന്ന് വ്യക്തമാകുന്ന നിമിഷം താൻ ക്ലബ്ബ് വിടും എന്നായിരുന്നു പെപ് പറഞ്ഞിരുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് ശിക്ഷ നടപടികൾ ഏൽക്കേണ്ടി വന്നാൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പെപ് ഗാർഡിയോള ക്ലബ്ബ് വിടും എന്നുള്ള വാർത്തകൾ സജീവമാണ്. നിലവിൽ 2025 വരെയാണ് ഈ പരിശീലകന് കരാറുള്ളത്.
Is Pep Guardiola on his way out of Manchester? 🔵😬https://t.co/LF2MiSxkBA
— FourFourTwo (@FourFourTwo) February 9, 2023
എന്നാൽ പ്രമുഖ ഫ്രഞ്ച് മാധ്യമമായ എൽ എക്യുപെ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്.അതായത് പെപ് ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിടാൻ തീരുമാനിച്ചാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി പിഎസ്ജി രംഗത്തുണ്ടാവും. ഒരു ദീർഘകാലത്തേക്കുള്ള ഓപ്ഷൻ എന്ന നിലയിലാണ് ഇപ്പോൾ പെപ്പിനെ പിഎസ്ജി പരിഗണിക്കുന്നത്. മാത്രമല്ല സൂപ്പർതാരങ്ങളെ മാനേജ് ചെയ്ത് പ്രവർത്തിപരിചയമുള്ള പരിശീലകൻ കൂടിയാണ് ഇദ്ദേഹം.
ഗാൾട്ടിയർക്ക് കീഴിൽ വളരെ മികച്ച പ്രകടനമൊന്നും ഇതുവരെ പിഎസ്ജിക്ക് അവകാശപ്പെടാൻ കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിച്ചിട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനവും നഷ്ടമാവാൻ സാധ്യതയുണ്ട്.പക്ഷെ പെപ് മാഞ്ചസ്റ്റർ സിറ്റി വിടുമോ എന്നുള്ളതാണ് ഇവിടുത്തെ പ്രധാനപ്പെട്ട ചോദ്യം. 2016 മുതൽ സിറ്റിയെ പരിശീലിപ്പിക്കുന്നത് ഇദ്ദേഹമാണ്. നിരവധി കിരീടങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്ക് നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് പെപ് ഗാർഡിയോള.