പിഎസ്ജി സൂപ്പർ താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ബയേൺ മ്യൂണിക്കും!
2012 മുതൽ പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന ഇറ്റാലിയൻ സൂപ്പർ താരമാണ് മാർക്കോ വെറാറ്റി. കഴിഞ്ഞ ഡിസംബർ മാസത്തിൽ അദ്ദേഹം ക്ലബ്ബുമായുള്ള തന്റെ കോൺട്രാക്ട് പുതുക്കുകയും ചെയ്തു. നിലവിൽ പിഎസ്ജിയുമായി 2026 വരെ ഈ മിഡ്‌ഫീൽഡർക്ക് കരാർ അവശേഷിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ പിഎസ്ജി വിടേണ്ടി വരികയാണ്.
പിഎസ്ജിയുടെ പുതിയ പരിശീലകനായ ലൂയിസ് എൻറിക്കെയുടെ പ്ലാനുകളിൽ ഈ സൂപ്പർ താരത്തിന് ഇപ്പോൾ ഇടമില്ല.അദ്ദേഹത്തോട് പുതിയ ക്ലബ്ബിനെ കണ്ടെത്താൻ ഈ പരിശീലകൻ ആവശ്യപ്പെട്ടിട്ടുണ്ട്.സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ യൂറോപ്പിൽ തന്നെ തുടരാനാണ് നിലവിൽ മാർക്കോ വെറാറ്റി ആഗ്രഹിക്കുന്നത്.ചെൽസിയിലേക്ക് എത്തുമെന്ന റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം ഇപ്പോൾ അവസാനിച്ചിട്ടുണ്ട്.
📢 Manchester United y Bayern Munich han mostrado INTERÉS POR FICHAR a Marco Verrati 🇮🇹
— Fútbol Fichajes (@FutboolFichajes) August 20, 2023
Vía @lequipe pic.twitter.com/0yqv9QZZj1
ഇപ്പോഴിതാ യൂറോപ്പിലെ രണ്ട് പ്രധാനപ്പെട്ട ക്ലബ്ബുകൾ വെറാറ്റിക്ക് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക്,പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഈ രണ്ട് ടീമുകളും ഓഫറുകൾ ഒന്നും നൽകിയിട്ടില്ലെങ്കിലും ഉടൻതന്നെ ബിഡുകൾ സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
60 മില്യൺ യൂറോ എങ്കിലും ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ പിഎസ്ജിയുള്ളത്. ഏതായാലും വെറാറ്റി ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിൽ തന്നെയാണ്. അദ്ദേഹത്തോട് ക്ലബ്ബ് വിട്ട് പുറത്തു പോകാൻ പരസ്യമായി കൊണ്ട് പിഎസ്ജി ആരാധകർ ആജ്ഞാപിച്ചിരുന്നു. ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഇപ്പോൾ പിഎസ്ജി വിട്ടുകൊണ്ട് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്ക് പോയിട്ടുണ്ട്.