പിഎസ്ജി മെസ്സിയെ കയ്യൊഴിയുന്നു,താരത്തിന്റെ ഭാവിയെന്ത്?

ഈ സീസണിൽ ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകളിൽ പങ്കാളിത്തം വഹിച്ച താരം മെസ്സിയാണ്. പക്ഷേ ലയണൽ മെസ്സിയും പിഎസ്ജി ആരാധകരും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല.ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെ ആരാധകർ ലയണൽ മെസ്സിക്കെതിരെ തിരിഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ലീഗ് വണ്ണിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജി പരാജയപ്പെട്ടത്. മത്സരത്തിൽ പലതവണ സ്വന്തം ആരാധകരിൽ നിന്നും സ്വന്തം മൈതാനത്ത് വെച്ച് ലയണൽ മെസ്സിക്ക് കൂവലുകൾ ഏൽക്കേണ്ടിവന്നു.മത്സരശേഷം ലയണൽ മെസ്സി ആരാധകരെ അഭിവാദ്യം ചെയ്യാതെ നേരെ ഡ്രസ്സിങ് റൂമിലേക്ക് പോവുകയായിരുന്നു.

ഈ മത്സരം അവസാനിച്ചതിന് പിന്നാലെ ലെ എക്കുപ്പ് ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.അതായത് തുടക്കത്തിൽ ലയണൽ മെസ്സിയുടെ കോൺട്രാക്ട് പുതുക്കാൻ പിഎസ്ജിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആ ആഗ്രഹത്തിൽ നിന്നും ഇപ്പോൾ പിഎസ്ജി പിൻവലിയുകയാണ്. മെസ്സിയെ വരുന്ന സമ്മറിൽ കയ്യൊഴിയാൻ തന്നെയാണ് പിഎസ്ജി ആലോചിക്കുന്നത് എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്. അതായത് പിഎസ്ജി മെസ്സിയുടെ കോൺട്രാക്ട് പുതുക്കിയേക്കില്ല.

പിഎസ്ജി ആരാധകർ നിലവിൽ ലയണൽ മെസ്സിയെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല എന്നുള്ളത് തന്നെയാണ് പ്രധാനപ്പെട്ട കാരണം.എംബപ്പേയെ മാത്രം ആശ്രയിച്ചു കൊണ്ടുള്ള ഒരു പ്രോജക്ട് നിർമ്മിക്കാനാണ് ഇപ്പോൾ പിഎസ്ജി ഉദ്ദേശിക്കുന്നത്. ഏതായാലും ലയണൽ മെസ്സിക്ക് ക്ലബ് വിടേണ്ടി വന്നാൽ അദ്ദേഹം ഏത് ക്ലബ്ബിലേക്ക് പോകും എന്നുള്ളത് ഇപ്പോഴും അവ്യക്തമായ കാര്യമാണ്.എന്നിരുന്നാൽ പോലും ലയണൽ മെസ്സി യൂറോപ്പിൽ തന്നെ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *