പിഎസ്ജി മിഡ്‌ഫീൽഡർ ബയേറിൽ എത്തുന്നതിന്റെ തൊട്ടരികിൽ!

ഈ സീസണിൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് പിഎസ്ജിയുടെ ഫ്രഞ്ച് താരമായ എറിക് എബിമ്പേക്ക് ലഭിച്ചിട്ടുള്ളത്.കൂടുതൽ മൽസരങ്ങളിൽ കളിക്കാൻ ആഗ്രഹിക്കുന്ന താരമാണ് എബിമ്പേ.അത്കൊണ്ട് തന്നെ താരം പിഎസ്ജി വിടാനുള്ള ഒരുക്കത്തിലാണ്.താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ ജർമൻ ക്ലബ്ബായ ബയേർ ലെവർകൂസനുള്ളത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഫൂട്ട്മെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇരുപത്തിയൊന്നുകാരനായ എബിമ്പേ പിഎസ്ജിയുടെ അക്കാദമിയിലൂടെ വളർന്ന താരമാണ്.പിന്നീട് അദ്ദേഹം ലെ ഹാവ്രയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചു.അതിന് ശേഷം കഴിഞ്ഞ സീസണിൽ ഡിജോണിലായിരുന്നു താരം ലോണിൽ കളിച്ചിരുന്നത്.ഈ സീസണിലായിരുന്നു എബിമ്പേ പിഎസ്ജിയിലേക്ക് മടങ്ങിയെത്തിയത്. എട്ട് മത്സരങ്ങളാണ് താരം പിഎസ്ജിക്ക് വേണ്ടി ഈ സീസണിൽ ലീഗ് വണ്ണിൽ കളിച്ചിട്ടുള്ളത്.

അതേസമയം ലോൺ അടിസ്ഥാനത്തിലാവും ബയേർ താരത്തെ സ്വന്തമാക്കുക.ഏറെ മുമ്പ് തന്നെ താരത്തെ പറ്റി ബയേർ ചർച്ചകൾ നടത്തിയിരുന്നു.ലോണിന് ശേഷം താരത്തെ വാങ്ങാനുള്ള ഓപ്ഷൻ കൂടി പിഎസ്ജി ബയേറിന് നൽകിയേക്കും.ബയേറിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് താരമുള്ളത്.

അതേസമയം പിഎസ്ജിയുടെ മറ്റൊരു മധ്യനിര താരമായ വൈനാൾഡവും ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. അവസരങ്ങൾ ലഭിക്കാത്തതിൽ താരവും അസംതൃപ്തനാണ്. പ്രിമിയർ ലീഗിലേക്ക് മടങ്ങാനാണ് വൈനാൾഡത്തിന് താല്പര്യം. പക്ഷേ ഈ ജനുവരി ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *