പിഎസ്ജി നൽകിയത് അപമാനിക്കുന്ന തരത്തിലുള്ള ഓഫർ : വിമർശിച്ച് ലിയോൺ പ്രസിഡന്റ്‌!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തങ്ങളുടെ ടീമിലേക്ക് എത്തിക്കാൻ വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്ന ഒരു താരമാണ് റയാൻ ചെർക്കി.ലിയോണിന്റെ യുവ സൂപ്പർതാരമായ ഇദ്ദേഹം മികച്ച രൂപത്തിലാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ താരത്തിന് വേണ്ടി പിഎസ്ജി ഒരു ഓഫർ ലിയോണിന് നൽകിയിരുന്നു. എന്നാൽ ലിയോൺ അത് തള്ളിക്കളയുകയും ചെയ്തിരുന്നു.

ഇതിന്റെ കാരണം ഇപ്പോൾ ലിയോണിന്റെ പ്രസിഡന്റായ ജീൻ മൈക്കൽ ഓലസ്‌ വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് ക്ലബ്ബിനെയും താരത്തെയും അപമാനിക്കുന്ന തരത്തിലുള്ള ഒരു ഓഫറാണ് പിഎസ്ജി നൽകിയതെന്നും താരത്തെ വിട്ടു നൽകാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല എന്നുമാണ് ലിയോൺ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Rmc സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” റയാൻ ചെർക്കിയുടെ കാര്യത്തിൽ ഞാനും നാസർ അൽ ഖലീഫിയും കഴിഞ്ഞ രാത്രി ഒരുപാട് നേരം സംസാരിച്ചിരുന്നു. ചെർക്കിയെ വിട്ടു നൽകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല എന്നുള്ള കാര്യം അദ്ദേഹത്തോട് വ്യക്തമാക്കി. ഈയൊരു ലെവലിൽ എത്താൻ അദ്ദേഹം വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തെ വിശ്വസിക്കുന്ന ഒരു പരിശീലകൻ ഇവിടെയുണ്ട്. അതൊക്കെ ഞാൻ ഖലീഫിയോട് വ്യക്തമാക്കിയിട്ടുണ്ട്.പിഎസ്ജി ചെർക്കിക്ക് വേണ്ടി ഏതു രൂപത്തിലുള്ള ഓഫറാണ് നൽകിയത് എന്നുള്ളത് ഞാൻ വെളിപ്പെടുത്തുന്നില്ല. പക്ഷേ ആ ഓഫർ ക്ലബ്ബിനെയും താരത്തെയും അപമാനിക്കുന്ന രൂപത്തിലുള്ളതായിരുന്നു.പിഎസ്ജി പുതിയ ഓഫറുകൾ ഒന്നും നൽകിയിട്ടില്ല. പക്ഷേ വളരെ സത്യസന്ധമായി ഡയറക്റ്റ് കോൺടാക്ട് ചെയ്തതിന് ഞാൻ അൽ ഖലീഫിയോട് നന്ദി പറഞ്ഞിട്ടുണ്ട് ” ഇതാണ് ലിയോൺ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

എന്തായാലും ജനുവരി ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.റയാൻ ചേർക്കിക്ക് വേണ്ടിയുള്ള ശ്രമം പരാജയപ്പെട്ട സ്ഥിതിക്ക് സെനിത്തിന്റെ ബ്രസീലിയൻ സൂപ്പർതാരമായ മാൽക്കമിന് വേണ്ടിയുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *