പിഎസ്ജി ടീമിന് ബാലൻസ് നൽകുന്നവൻ : വെറാറ്റിയെ പ്രശംസിച്ച് റാമോസ്!

ഇറ്റാലിയൻ സൂപ്പർതാരമായ മാർക്കോ വെറാറ്റി പിഎസ്ജിയിൽ എത്തിയിട്ട് കൃത്യം 10 വർഷങ്ങൾ പൂർത്തിയായിരുന്നു. 2012ലായിരുന്നു താരം ഇറ്റാലിയൻ ക്ലബ്ബായ പെസ്ക്കാരയിൽ നിന്നും പിഎസ്ജിയിലേക്കെത്തിയത്. തുടർന്ന് ക്ലബ്ബിനുവേണ്ടി ഇതുവരെ 378 മത്സരങ്ങൾ ഈ മധ്യനിരതാരം കളിച്ചിട്ടുണ്ട്. നിരവധി കിരീടങ്ങൾ അദ്ദേഹം പിഎസ്ജിക്കൊപ്പം സ്വന്തമാക്കിയിട്ടുമുണ്ട്.

ഏതായാലും വെറാറ്റി ക്ലബ്ബിൽ 10 വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് പിഎസ്ജി ടിവി കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.പിഎസ്ജി താരങ്ങൾ തങ്ങളുടെ സഹതാരത്തെ പ്രശംസിക്കുന്ന വീഡിയോയായിരുന്നു അത്. സൂപ്പർതാരം സെർജിയോ റാമോസും വെറാറ്റിയെ പ്രശംസിച്ചിട്ടുണ്ട്.പിഎസ്ജിക്കും ഇറ്റലിയുടെ ദേശീയ ടീമിനും ബാലൻസ് നൽകുന്ന താരമാണ് വെറാറ്റി എന്നാണ് റാമോസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കളത്തിൽ മാർക്കോ വെറാറ്റി വളരെയധികം സപ്പോർട്ടീവായ ഒരു താരമാണ്. മാത്രമല്ല വളരെയധികം ഉദാരമതിയുമാണ്. സഹതാരങ്ങൾക്ക് ഓടിയെത്താൻ കഴിയാത്തിടത്തേക്ക് പോലും അദ്ദേഹം ഓടിയെത്തും. അദ്ദേഹം വളരെയധികം നിർണായകമായ ഒരു താരമാണ്.പിഎസ്ജിക്കും ഇറ്റാലിയൻ ദേശീയ ടീമിനും ബാലൻസ് നൽകുന്നത് മാർക്കോ വെറാറ്റിയാണ്. അദ്ദേഹം ഒരു വേൾഡ് ക്ലാസ് താരം തന്നെയാണ് ” ഇതാണ് സെർജിയോ റാമോസ് പറഞ്ഞിട്ടുള്ളത്.

നിലവിൽ വെറാറ്റി പിഎസ്ജിയോടൊപ്പം തന്റെ പതിനൊന്നാം സീസണിൽ വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്.ഇനി ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനലിൽ നാന്റ്സാണ് പിഎസ്ജിയുടെ എതിരാളികൾ. അന്ന് കിരീടം നേടാൻ കഴിഞ്ഞാൽ വെറാറ്റി ക്ലബ്ബിനൊപ്പം നേടുന്ന 29 ആം കിരീടമായിരിക്കുമത്.

Leave a Reply

Your email address will not be published. Required fields are marked *