പിഎസ്ജിയുമായി കരാർ പുതുക്കി, നെയ്മർക്ക് റാമോസിന്റെ അഭിനന്ദനം!

ഇന്നലെയായിരുന്നു ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ പിഎസ്ജിയുമായുള്ള തന്റെ കരാർ പുതുക്കിയത്. 2025 വരെയാണ് നെയ്മർ ഇനി പിഎസ്ജിയിൽ തുടരുക.2022 വരെയുള്ള കരാറാണ് നെയ്മർ മൂന്നുവർഷത്തേക്ക് നീട്ടിയത്. താരം കരാർ പുതുക്കുന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വൈകിയത് പിഎസ്ജി ആരാധകർക്കിടയിൽ ചെറിയ ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ അതെല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് നെയ്മർ കരാർ പുതുക്കിയ കാര്യം പിഎസ്ജി ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ നെയ്മറെ ചുറ്റിപ്പറ്റിയുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് വിരാമമാവുകയായിരുന്നു. ഏതായാലും നെയ്മർ ജൂനിയറുടെ കരാർ പുതുക്കൽ ഏറ്റെടുത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. താരത്തിന് അഭിനന്ദനങ്ങളും പിന്തുണയും അർപ്പിച്ചുകൊണ്ട് ഒട്ടേറെ പേരാണ് രംഗത്ത് വന്നത്.

ഇതിൽ പ്രധാനപ്പെട്ട താരമാണ് റയൽ മാഡ്രിഡിന്റെ നായകനായ സെർജിയോ റാമോസ്. നെയ്മറുടെ കരാർ പുതുക്കിയത് അറിയിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് താരത്തിന് അഭിനന്ദനങ്ങളുമായി റാമോസ് രംഗപ്രവേശനം ചെയ്തത്. കയ്യടിക്കുന്ന ഇമോജി രേഖപ്പെടുത്തി കൊണ്ടാണ് റാമോസ് ഇതിന് പിന്തുണ പ്രഖ്യാപിച്ചത്. താരത്തെ കൂടാതെ മാർക്കോ വെറാറ്റി ഉൾപ്പെടുന്ന ഒട്ടേറെപ്പേർ ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം റാമോസ് പിഎസ്ജിയിലേക്ക് എന്നുള്ള അഭ്യൂഹങ്ങൾക്ക് ശക്തി പകരാനും ഈ ഒരു പ്രവർത്തി കാരണമായിട്ടുണ്ട്. റാമോസിന്റെ റയലുമായുള്ള കരാർ ഈ സീസണോടുകൂടി അവസാനിക്കുകയാണ്. താരം കരാർ പുതുക്കിയിട്ടില്ലെന്ന് മാത്രമല്ല ക്ലബ് വിടുമെന്നുള്ള വാർത്തകളും സജീവമാണ്. പിഎസ്ജിക്കാവട്ടെ റാമോസിനെ എത്തിക്കാൻ താല്പര്യവുമുണ്ട്. അതുകൊണ്ടുതന്നെ ആ രീതിയിലും പലരും ഇതിനെ വ്യാഖ്യാനിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *