പിഎസ്ജിയുടെ യുവസൂപ്പർ താരത്തിന് വേണ്ടി പോരടിച്ച് പ്രീമിയർ ലീഗ് ക്ലബുകൾ!
പിഎസ്ജിയുടെ പുതിയ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ ടീമിനെ അഴിച്ചു പണിയാനുള്ള ഒരുക്കത്തിലാണ്. നിരവധി താരങ്ങൾക്ക് പിഎസ്ജിയിലെ സ്ഥാനം നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിലൊരു താരമാണ് യുവ സൂപ്പർതാരമായ അർനൗഡ് കലിമുവെന്റോ.
താരത്തെ വിൽക്കാൻ ഇപ്പോൾ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്.20 മില്യൺ പൗണ്ടാണ് താരത്തിന്റെ വിലയായി കൊണ്ട് ഇപ്പോൾ പിഎസ്ജി തീരുമാനിച്ചിട്ടുള്ളത്. 20 കാരനായ ഈ മുന്നേറ്റ നിര താരത്തിന് വേണ്ടി നിരവധി ക്ലബ്ബുകൾ പിഎസ്ജിയെ സമീപിച്ച് കഴിഞ്ഞിട്ടുണ്ട്.സിബിഎസ് സ്പോർട്സിന്റെ ജേണലിസ്റ്റായ ബെൻ ജേക്കബ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ലീഡ്സ് യുണൈറ്റഡ്, ന്യൂ കാസിൽ യുണൈറ്റഡ്, അയാക്സ്,അറ്റലാന്റ എന്നിവരൊക്കെ താരത്തിന് വേണ്ടി അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബുകളായ ലീഡ്‌സും ന്യൂകാസിലുമാണ് താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
Transfer Battle? Leeds, Newcastle In Competition to Land PSG’s £20M Starlet https://t.co/DvZn7LSZCX
— PSG Talk (@PSGTalk) July 13, 2022
ലീഡ്സിന്റെ പരിശീലകനായ ജെസെ മാർഷിന് ഒരു യുവ സ്ട്രൈക്കറെ ആവശ്യമുണ്ട്. ആ സ്ഥാനത്തേക്കാണ് അർനൗഡിനെ ഇപ്പോൾ പരിഗണിക്കുന്നത്. അതേസമയം ന്യൂകാസിൽ ഹ്യൂഗോ എകിറ്റികെക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.ആ സ്ഥാനത്തേക്കാണ് ഇദ്ദേഹത്തെ ഇപ്പോൾ പരിഗണിക്കുന്നത്.
കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ലീഗ് വൺ ക്ലബ്ബായ ലെൻസിന് വേണ്ടിയായിരുന്നു അർനൗഡ് കളിച്ചിരുന്നത്.38 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടാൻ താരത്തിന് സാധിച്ചിരുന്നു.