പിഎസ്ജിയുടെ നിലവാരമില്ലായ്മ, ക്ലബ്ബ് തകരാൻ ഇനി അധികം നാളുകളില്ല: മെസ്സിക്ക് പിന്തുണയുമായി മുൻ ഫ്രഞ്ച് താരം.

ലയണൽ മെസ്സിക്ക് അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജി ഏർപ്പെടുത്തിയ സസ്പെൻഷനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ക്ലബ്ബിന്റെ അനുമതി ഇല്ലാതെ സൗദി അറേബ്യയിലേക്ക് സഞ്ചരിച്ചതിനായിരുന്നു മെസ്സിക്ക് വിലക്ക് വീണത്. എന്നാൽ തെറ്റിദ്ധാരണയുടെ പുറത്ത് പരിശീലനം നഷ്ടമായതിന് ഇത്രയും വലിയ ഒരു ശിക്ഷാനടപടി മെസ്സി അർഹിച്ചിരുന്നുവോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും തർക്കങ്ങളുണ്ട്.പിഎസ്ജിയുടെ നടപടി ശരിയായെന്ന് ഒരു കൂട്ടം ആളുകൾ വാദിക്കുമ്പോൾ അതിനെ എതിർത്തുകൊണ്ട് മറ്റൊരു വാദവും ഉയരുന്നുണ്ട്.

ഈ വിഷയത്തിൽ ലയണൽ മെസ്സിക്ക് പിന്തുണയുമായി മുൻ ഫ്രഞ്ച് താരമായ യൊഹാൻ മികൗട് രംഗത്ത് വന്നിട്ടുണ്ട്. ലയണൽ മെസ്സിക്ക് സസ്പെൻഷൻ ഏർപ്പെടുത്തിയത് പിഎസ്ജിയുടെ നിലവാരമില്ലായ്മയെയാണ് കാണിക്കുന്നത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മറ്റൊരു ക്ലബ്ബിലും ഇത് കാണാനാവില്ലെന്നും പിഎസ്ജി തകർന്നടിയാൻ ഇനി അധികം നാളുകളില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.മികൗടിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിക്ക് സൗദി അറേബ്യവുമായി കരാർ ഉണ്ട് എന്നുള്ള കാര്യം പിഎസ്ജിക്ക് അറിയാം. രണ്ട് തവണയാണ് അദ്ദേഹം ക്ലബ്ബിനുവേണ്ടി ഈ ട്രിപ്പ് മാറ്റിവച്ചത്.പിഎസ്ജിക്ക് അത് അഡ്ജസ്റ്റ് ചെയ്ത് ക്രമീകരിക്കാമായിരുന്നു. ലയണൽ മെസ്സിക്കെതിരെ ഇത്തരത്തിലുള്ള ഒരു നടപടി ഒരു കാരണവശാലും സ്വീകരിക്കാൻ പാടില്ലായിരുന്നു. 15 വർഷത്തോളമായി അദ്ദേഹം ഫുട്ബോളിൽ തുടരുന്നു. ഒരിക്കലും കരിയറിൽ അദ്ദേഹം വിവാദ സംഭവങ്ങൾ ഉണ്ടാക്കിയിട്ടില്ല. വളരെ ചെറിയ കാര്യത്തിനാണ് ഇത്തരത്തിലുള്ള നടപടി എടുത്തിട്ടുള്ളത്. എന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് ഞാൻ കണ്ടിട്ടില്ല.പിഎസ്ജിയുടെ നിലവാര തകർച്ചയാണ് ഇത് കാണിക്കുന്നത്.ബയേണിലോ റയൽ മാഡ്രിഡിലോ ഇത്തരത്തിലുള്ള ഒന്നും തന്നെ നമുക്ക് കാണാനാവില്ല. ഈ ക്ലബ്ബ് ഇനി തകരാൻ അധികം നാളുകൾ ഒന്നുമില്ല “ഇതാണ് മികൗഡ് പറഞ്ഞിട്ടുള്ളത്.

ഏതായാലും ലയണൽ മെസ്സിക്ക് രണ്ട് ലീഗ് വൺ മത്സരങ്ങളാണ് ഈ സസ്പെൻഷൻ മൂലം നഷ്ടമാവുക. അതിനുശേഷം ആകെ മൂന്ന് മത്സരങ്ങൾ മാത്രമാണ് പിഎസ്ജി ഈ സീസണിൽ കളിക്കുക. ആ മത്സരങ്ങളിൽ മെസ്സി കളിക്കാൻ തയ്യാറാവുമോ എന്നുള്ളത് അവ്യക്തമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *