പിഎസ്ജിയുടെ ഗാർഡ് ഓഫ് ഹോണർ, നാണക്കേടെന്ന് മെസ്സി!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം ലയണൽ മെസ്സിയുടെ നായകത്വത്തിലായിരുന്നു അർജന്റീന സ്വന്തമാക്കിയിരുന്നത്. മെസ്സി തന്നെയായിരുന്നു അർജന്റീനയുടെ കുന്തമുന. ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്. പിന്നീട് തന്റെ ക്ലബ്ബായ പിഎസ്ജിയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഗാർഡ് ഓഫ് ഹോണർ നൽകി കൊണ്ടാണ് ക്ലബ്ബ് അദ്ദേഹത്തെ ആദരിച്ചത്.എന്നാൽ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് മെസ്സിയെ ആദരിക്കാൻ പിഎസ്ജി തയ്യാറായിരുന്നില്ല.

ഏതായാലും ഈയിടെ നൽകിയ അഭിമുഖത്തിൽ പിഎസ്ജിയുടെ ഗാർഡ് ഓഫ് ഹോണറിനെ കുറിച്ച് മെസ്സിയോട് ചോദിക്കപ്പെട്ടിരുന്നു. തനിക്ക് വളരെയധികം നാണവും ലജ്ജയും തോന്നി എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. ആളുകളുടെ ശ്രദ്ധ കേന്ദ്രമാവാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത വ്യക്തിയാണ് താനെന്നും മെസ്സി കൂട്ടിച്ചേർത്തിട്ടുണ്ട്.താരത്തിന്റെ വാക്കുകളെ ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” യഥാർത്ഥത്തിൽ ഗാർഡ് ഓഫ് ഹോണർ പോലെയുള്ള കാര്യങ്ങളെയൊന്നും ഞാൻ ഇഷ്ടപ്പെടുന്നില്ല. തീർച്ചയായും നല്ല കാര്യങ്ങളെ നമ്മൾ അഭിനന്ദിക്കേണ്ടതുണ്ട്.ഗാർഡ് ഓഫ് ഹോണർ മികച്ച ഒരു അനുഭവമായിരുന്നു. സഹതാരങ്ങളുടെയും പിഎസ്ജി സ്റ്റാഫിന്റെയും അംഗീകാരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.പക്ഷേ ഇത്തരം കാര്യങ്ങൾ എനിക്ക് വളരെയധികം നാണവും ലജ്ജയും ഉണ്ടാക്കുന്നതാണ്. ആളുകളുടെ ശ്രദ്ധ കേന്ദ്രമാവാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ.അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ എനിക്ക് നാണക്കേട് തോന്നുന്നത് ” ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി ഒരു ഇൻട്രോവേർട്ട് ടൈപ്പ് വ്യക്തിയാണ് എന്നുള്ളത് ഒട്ടേറെ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഏതായാലും പാർക്ക് ഡെസ് പ്രിൻസസിൽ ആദരം ലഭിക്കാത്തതിൽ മെസ്സിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവില്ല എന്നുള്ളത് ഇതിലൂടെ വ്യക്തമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *