പിഎസ്ജിയുടെ ക്രിപ്റ്റോ കറൻസിയിൽ വൻ കുതിപ്പ് സൃഷ്ടിച്ച് മെസ്സി!

ലയണൽ മെസ്സിയുടെ വരവ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ സംബന്ധിച്ചെടുത്തോളം എല്ലാ മേഖലകളിലും വലിയ രൂപത്തിലുള്ള ഊർജ്ജമാണ് പകർന്നു നൽകിയിട്ടുള്ളത്. സാമ്പത്തികപരമായും അല്ലാതെയും വലിയ രൂപത്തിലുള്ള നേട്ടങ്ങൾ കരസ്ഥമാക്കാൻ പിഎസ്ജിക്ക് ഇതുവഴി സാധിച്ചു. ആരാധകരുടെ കാര്യത്തിലും മൂല്യത്തിന്റെ കാര്യത്തിലും ജഴ്സി വിൽപ്പനയുടെ കാര്യത്തിലുമൊക്കെ പിഎസ്ജിക്ക് വലിയ കുതിച്ചുചാട്ടം നടത്താൻ കഴിഞ്ഞിട്ടുണ്ട്.

ഏതായാലും പിഎസ്ജി തങ്ങളുടെ ക്രിപ്റ്റോകറൻസി മേഖലയിലും വലിയ നേട്ടമാണ് ഇപ്പോൾ കൊയ്യുന്നത്.മെസ്സിയുടെ വരവോടുകൂടി ഈ ക്രിപ്റ്റോ കറൻസിയുടെ മൂല്യം വർദ്ധിച്ചിട്ടുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.2018-ലാണ് പി എസ്ജി സോഷ്യോസ് ഡോട്ട് കോമുമായി കരാറിൽ ഒപ്പു വെക്കുന്നത്.ഇതോടെ ക്രിപ്റ്റോകറൻസികളുടെ ലോകത്തിലേക്ക് ആദ്യമായി പ്രവേശിക്കുന്ന സ്പോർട്സ് ടീമാവാനും പിഎസ്ജിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പിഎസ്ജി ക്രിപ്റ്റോ ഡോട്ട് കോമുമായും ഒരു കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.

മെസ്സിയുടെ പിഎസ്ജിയിലേക്കുള്ള വരവ് ഫൈനലൈസ് ചെയ്യുന്നതിന് മുന്നേ തന്നെ പിഎസ്ജിയുടെ ക്രിപ്റ്റോ കറൻസി മൂല്യം 43 ശതമാനം വർധിച്ചിരുന്നു.മെസ്സിയുടെ അവതരണ ദിവസം 63.3 ഡോളറിലെ അക്കാലത്തെ മികച്ച നിലയിൽ എത്തുകയും ചെയ്തു.ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ മൂല്യമുള്ള ക്രിപ്റ്റോ കറൻസിയാണ് പിഎസ്ജിയുടേത്.രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 6 കൂടുതലും എഫ്സി ബാഴ്സലോണയെക്കാൾ 8 കൂടുതലുമാണ് പിഎസ്ജിയുടെ മൂല്യം.

കളത്തിനകത്ത് വലിയൊരു ചലനമൊന്നും ഇതുവരെ മെസ്സിക്ക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.എന്നാൽ കളത്തിന് പുറത്ത് മെസ്സി എന്ന താരത്തിന്റെ സാന്നിധ്യം തന്നെ പിഎസ്ജിക്ക് വലിയൊരു മുതൽക്കൂട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *