പിഎസ്ജിയിൽ എന്നും പ്രശ്‌നങ്ങളാണ്,ഒരു വഴി കണ്ടെത്തിയേ മതിയാവൂ : ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി!

ഈ ലീഗ് വണ്ണിൽ ഒരു മികച്ച തുടക്കം ലഭിച്ചിട്ടും സന്തോഷിക്കാനാവാത്ത ഒരു അവസ്ഥയിലാണ് പിഎസ്ജിയും അവരുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറുമുള്ളത്. എന്തെന്നാൽ കഴിഞ്ഞ മത്സരത്തിൽ നെയ്മറും എംബപ്പേയും പെനാൽറ്റിക്ക് വേണ്ടി തർക്കിച്ചത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായി. കൂടാതെ എംബപ്പേയുടെ മോശം ആറ്റിറ്റ്യൂഡും ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്.

ഏതായാലും ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറി പിഎസ്ജിയിലെ ഇപ്പോഴത്തെ അവസ്ഥകളിൽ അസ്വസ്ഥനാണ്.പിഎസ്ജിയിൽ എപ്പോഴും പ്രശ്നങ്ങളാണെന്നും നെയ്മറേയും എംബപ്പേയെയും ഹാപ്പിയാക്കി നിർത്താൻ വേണ്ടി പരിശീലകൻ ഒരു വഴി കണ്ടെത്തിയേ മതിയാവൂ എന്നുമാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.ആമസോൺ പ്രൈം വീഡിയോയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ഹെൻറിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“എംബപ്പേ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പെരുമാറുന്നത്.പിഎസ്ജിയുടെ പരിശീലകൻ മെസ്സിയെയും നെയ്മറെയും എംബപ്പേയും ഒത്തൊരുമയോടെ മുന്നോട്ടു കൊണ്ടുപോകണം. അവരെ ഹാപ്പിയാക്കി നിർത്തണം.പിഎസ്ജിയിൽ എപ്പോഴും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ ഉണ്ടാവും. അവർ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ ഒരു വിജയമാണ് നേടിയത്. എന്നിട്ട് നമ്മളിപ്പോൾ സംസാരിക്കുന്നത് ആ വിജയത്തെ കുറിച്ചല്ല, മറിച്ച് എംബപ്പേയെ കുറിച്ചാണ്. കഴിഞ്ഞ വർഷം ഇതേ സ്ഥാനത്ത് നെയ്മറായിരുന്നു. ചുരുക്കത്തിൽ എപ്പോഴും പിഎസ്ജിയിൽ ഇങ്ങനെയൊക്കെ എന്തെങ്കിലുമുണ്ടാവും ” ഇതാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.

ഏതായാലും നെയ്മറെയും എംബപ്പേയെയും ഒരുമിച്ച് ഇരുത്തിക്കൊണ്ട് പിഎസ്ജി അധികൃതർ ചർച്ച നടത്തിക്കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്. ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്നാണ് പിഎസ്ജി ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *