പലകുറി മെസ്സിയിൽ നിന്നും പന്ത് റാഞ്ചാൻ നോക്കി,നടന്നില്ല : തുറന്ന് പറഞ്ഞ് എതിർ താരം!

കഴിഞ്ഞ പ്രീ സീസൺ സൗഹൃദമത്സരത്തിൽ വിജയം നേടാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ജാപ്പനീസ് കബായ കവാസാക്കി ഫ്രോന്റയിലിനെയായിരുന്നു പിഎസ്ജി ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സിക്ക് ഈ മത്സരത്തിൽ ഗോൾ നേടാൻ കഴിഞ്ഞിരുന്നു.കൂടാതെ പിഎസ്ജിക്ക് വേണ്ടി ശേഷിച്ച ഗോൾ സ്വന്തമാക്കിയത് കലിമുവെന്റോയായിരുന്നു.

ഏതായാലും കവാസാക്കിയുടെ തായ്‌ലാൻഡ് സൂപ്പർതാരമായ ചാനാതിപ് സോങ്‌ക്രസിൻ ഈ മത്സരവുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സിയിൽ നിന്നും പന്ത് റാഞ്ചാൻ നിരവധി തവണ താൻ ശ്രമിച്ചുവെന്നും എന്നാൽ തനിക്ക് അതിന് സാധിച്ചില്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.തായ് മെസ്സി എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ചാനാതിപ്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മത്സരത്തിനിടെ നിരവധിതവണ ഞാൻ മെസ്സിയിൽ നിന്നും പന്ത് റാഞ്ചാൻ ശ്രമിച്ചു.പക്ഷേ എനിക്ക് അതിന് സാധിച്ചില്ല. ഞങ്ങളും വേൾഡ് ലെവൽ താരങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നുള്ളത് ഞാൻ അപ്പോൾ ഓർക്കുകയായിരുന്നു. വലിയ ലക്ഷ്യങ്ങൾ ഉന്നം വെക്കാനും അതിനുവേണ്ടി ഹാർഡ് വർക്ക് ചെയ്യാനും ഞാനിപ്പോൾ മോട്ടിവേറ്റഡാണ് ” ഇതാണ് ചാനാതിപ് പറഞ്ഞിട്ടുള്ളത്.

നിലവിൽ ജപ്പാനിലാണ് പിഎസ്ജി പ്രീ സീസൺ ടൂർ നടത്തുന്നത്. ആകെ 3 സൗഹൃദമത്സരങ്ങളാണ് ക്ലബ്ബ് കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *