പരിക്ക്, നെയ്മർക്ക് മൂന്ന് മത്സരങ്ങൾ നഷ്ടമാവും, ബ്രസീലിന് വേണ്ടി കളിക്കുന്ന കാര്യം സംശയത്തിൽ !

ചാമ്പ്യൻസ് ലീഗിലെ ഇസ്താംബൂളിനെതിരെയുള്ള മത്സരത്തിലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർക്ക് പരിക്കേറ്റത്. അഡക്ടർ ഇഞ്ചുറിയാണ് താരത്തിനേറ്റതെന്ന് പിന്നീട് വ്യക്തമായിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും താരത്തിന് മൂന്ന് മത്സരങ്ങൾ നഷ്ടമാവുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണിപ്പോൾ. പിഎസ്ജിയുടെ പരിശീലകൻ തോമസ് ടുഷേലാണ് ഇക്കാര്യം തന്റെ വാർത്താസമ്മേളനത്തിലൂടെ സ്ഥിരീകരിച്ചത്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷമാണ് നെയ്മർ മടങ്ങിയെത്തുക എന്നാണ് ഇദ്ദേഹം അറിയിച്ചത്. ഈ കാലയളവിൽ രണ്ട് ലീഗ് മത്സരങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് മത്സരവും നെയ്മർക്ക് നഷ്ടമാവും. ലീഗിൽ നാന്റെസ്, റെന്നസ് എന്നീ ടീമുകൾക്കെതിരെയുള്ള മത്സരമാണ് നെയ്മർക്ക് നഷ്ടമാവുക. കൂടാതെ ചാമ്പ്യൻസ് ലീഗിൽ ആർബി ലീപ്സിഗിനെതിരെയുള്ള മത്സരവും നെയ്മർക്ക് നഷ്ടമാവും. അതേസമയം താരം ബ്രസീലിന് വേണ്ടി കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ബ്രസീലിന് വേണ്ടി കളിക്കാൻ കഴിയില്ല എന്നാണ് ടുഷേൽ അറിയിച്ചത്.

” ഞങ്ങൾ ദുഃഖത്തിലാണ്. അദ്ദേഹത്തിന് ചെറിയ ഇഞ്ചുറി മാത്രമാണ് ഉള്ളത്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം നെയ്മർ മടങ്ങി വരും. അദ്ദേഹം ബ്രസീലിന് വേണ്ടി കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമൊന്നുമല്ല. പക്ഷെ പരിക്ക് തന്നെയാണ്. ഏതായാലും പരിക്ക് ശമിച്ചതിന് ശേഷം അദ്ദേഹം തിരികെ വരും എന്നാണ് ഇപ്പോൾ പറയാനുള്ളത് ” ടുഷേൽ മാധ്യമങ്ങളോട് പറഞ്ഞു
നെയ്മറുടെ പരിക്ക് വളരെ വലിയ തിരിച്ചടിയാണ് പിഎസ്ജിക്ക് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ നിരവധി സൂപ്പർ താരങ്ങൾ പരിക്ക് മൂലം പുറത്താണ്. മൗറോ ഇകാർഡി, ജൂലിയൻ ഡ്രാക്സ്ലർ, ലിയാൻഡ്രോ പരേഡസ്, മാർക്കോ വെറാറ്റി എന്നിവരെല്ലാം തന്നെ പരിക്കിന്റെ പിടിയിലകപ്പെട്ട് പുറത്താണ്.

Leave a Reply

Your email address will not be published. Required fields are marked *