പക്വറ്റ പിഎസ്ജിയിലേക്കോ? തുറന്ന് പറഞ്ഞ് ഏജന്റ്!

കഴിഞ്ഞ ദിവസമായിരുന്നു പ്രമുഖ ഫ്രഞ്ച് മാധ്യമായ ലെ എക്യുപേ ഒരു ട്രാൻസ്ഫർ റൂമർ പുറത്ത് വിട്ടത്. അതായത് പിഎസ്ജി തങ്ങളുടെ മധ്യനിര ശക്തിപ്പെടുത്താൻ വേണ്ടി ബ്രസീലിയൻ സൂപ്പർ താരമായ ലുക്കാസ് പക്വറ്റയെ ലക്ഷ്യം വെക്കുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോക്ക് വലിയ താല്പര്യമുള്ള താരമാണ് പക്വറ്റയെന്നും ഇവർ കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ ഈ ട്രാൻസ്ഫർ റൂമറിനെ പൂർണ്ണമായും നിഷേധിച്ചു കൊണ്ട് പക്വറ്റയുടെ ഏജന്റായ എഡാർഡോ ഉറാം രംഗത്ത് വന്നിട്ടുണ്ടിപ്പോൾ.ഈ ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ യാതൊരു വിധ അടിസ്ഥാനങ്ങൾ ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട് കൊണ്ട് തന്നെയോ ലിയോണിനെയോ ആരും തന്നെ കോൺടാക്ട് ചെയ്തിട്ടില്ലെന്നും ഉറാം അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം RMC സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ ട്രാൻസ്ഫർ അജണ്ടയിൽ ഇല്ലാത്ത ഒരു കാര്യമാണ്. ഈ റൂമറുകൾക്ക് നിലനിൽപ്പുമില്ല.പക്വറ്റയിപ്പോൾ മികച്ച രൂപത്തിൽ കളിക്കുന്നുണ്ട് എന്നുള്ളത് മാത്രമാണ് ശരി.നല്ല പ്രകടനമാണ് കാഴ്ച്ച വെക്കാറുള്ളത്. അതിനേക്കാളുമുപരി ലീഗ് വണ്ണിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം.അദ്ദേഹം ഫ്ലെമെങ്കോയിൽ കളിക്കുന്ന കാലം തൊട്ടേ ലിയനാർഡോക്ക് അദ്ദേഹത്തെ നന്നായി അറിയാം.ഇതാരോ പടച്ചു വിട്ട ഊഹാപോഹങ്ങൾ മാത്രമാണ്.ഇതുമായി ബന്ധപ്പെട്ടുകൊണ്ട് എന്നെയോ ലിയോണുമായോ ആരുംതന്നെ കോൺടാക്ട് ചെയ്തിട്ടില്ല ” ഇതാണ് ഉറാം പറഞ്ഞിട്ടുള്ളത്.

എസി മിലാനിൽ നിന്നും ലിയോണിൽ എത്തിയ ഈ ബ്രസീലിയൻ താരത്തിന് 2025 വരെ കരാർ അവശേഷിക്കുന്നുണ്ട്.56 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും 10 അസിസ്റ്റുകളും നേടാൻ പക്വറ്റക്ക് ലിയോണിൽ സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *