ന്യൂകാസിലിനെ പരാജയപ്പെടുത്തി,യുവ സൂപ്പർ സ്ട്രൈക്കറേയും PSG റാഞ്ചി!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി യുവ സൂപ്പർതാരങ്ങളെയാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ലക്ഷ്യം വെക്കുന്നത്. പോർച്ചുഗീസ് യുവതാരമായ വീറ്റിഞ്ഞയെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. കൂടാതെ ജിയാൻലൂക്ക സ്‌കമാക്ക,ഗോൺസാലോ റാമോസ് എന്നിവർക്ക് വേണ്ടിയുള്ള ശ്രമങ്ങളും പിഎസ്ജി തുടരുകയാണ്.

അതേസമയം പിഎസ്ജിയുടെ സ്പോട്ടിംഗ് ഡയറക്ടറായ ലൂയിസ് കാമ്പോസ് ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്നത് യുവസൂപ്പർ സ്ട്രൈക്കറായ ഹ്യൂഗോ എകിറ്റികെയെയായിരുന്നു.അതിപ്പോൾ ഫലം കണ്ടിട്ടുണ്ട്.റെയിംസിന്റെ ഈ യുവ സൂപ്പർതാരത്തെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നിരവധി വമ്പൻ ക്ലബ്ബുകൾ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി, ലിവർപൂൾ,മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർക്കൊക്കെ താരത്തിൽ താല്പര്യമുണ്ടായിരുന്നു. പക്ഷേ ന്യൂകാസിൽ യുണൈറ്റഡായിരുന്നു താരത്തിന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നത്.ന്യൂകാസിലിനെ പരാജയപ്പെടുത്തി കൊണ്ടാണ് പിഎസ്ജി എകിറ്റികെയെ സ്വന്തമാക്കിയിട്ടുള്ളത്.

ആകെ 35 മില്യൺ യുറോയാണ് താരത്തിനു വേണ്ടി പിഎസ്ജി ചിലവഴിക്കുക.5 വർഷത്തെ കരാറിലാണ് താരം ഒപ്പുവെക്കുക. ഇരുപതുകാരനായ താരം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. ആകെ കളിച്ച 23 മത്സരങ്ങളിൽ 10 ഗോളുകൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.ഏതായാലും താരത്തിന്റെ വരവോടുകൂടി പിഎസ്ജിയുടെ മുന്നേറ്റ നിരയുടെ ആഴം വീണ്ടും വർധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *