നെയ്മർ ഗോളടിച്ചു, പിഎസ്ജി കിരീടം ചൂടി !

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറുടെ ഗോൾമികവിൽ പിഎസ്ജിക്ക് കിരീടം. ഇന്നലെ നടന്ന മത്സരത്തിൽ സെന്റ് എറ്റിനിയെയാണ് പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിന് തകർത്തു വിട്ടത്. പതിനാലാം മിനുട്ടിൽ നെയ്മർ നേടിയ ഗോളാണ് പിഎസ്ജിയുടെ രക്ഷക്കെത്തിയത്. ഇതോടെ കോപേ ഡി ഫ്രാൻസ് കിരീടം പിഎസ്ജി ചൂടി. മത്സരത്തിൽ ജയിച്ചെങ്കിലും സൂപ്പർ താരം എംബാപ്പെക്ക് പരിക്കേറ്റത് പിഎസ്ജിക്ക് വമ്പൻ തിരിച്ചടിയായി. ഒരുപക്ഷെ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന കാര്യം സംശയത്തിലാണ്.

നെയ്മർ, എംബപ്പേ, ഇകാർഡി, ഡിമരിയ എന്നീ സൂപ്പർ താരങ്ങളെ അണിനിരത്തി പിഎസ്ജി കളത്തിലേക്കിറങ്ങിയത്. പ്രതീക്ഷിച്ച പോലെ തന്നെ പിഎസ്ജി മുന്നേറ്റം ആരംഭിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടാൻ നെയ്മർക്ക് അവസരം ലഭിച്ചെങ്കിലും താരം അത് പാഴാക്കി. എന്നാൽ പതിനാലാം മിനുട്ടിൽ നെയ്മർ തന്നെ പിഎസ്ജിക്ക് ലീഡ് നേടികൊടുത്തു. എംബാപ്പെയുടെ ഷോട്ട് കീപ്പർ മൗലിൻ തടഞ്ഞിട്ടുവെങ്കിലും റീബൗണ്ട് ലഭിച്ച പന്ത് നെയ്മർ അടിച്ചു കയറ്റുകയായിരുന്നു. 26-ആം മിനുട്ടിൽ കിലിയൻ എംബാപ്പെയെ ഗുരുതരമായി ഫൗൾ ചെയ്തതിന് പെറിന് റെഡ് കാർഡ് ലഭിച്ചു. കൂടാതെ മത്സരം കുറച്ചു നേരത്തേക്ക് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. പിന്നീടും ഗോൾനേടാനുള്ള അവസരങ്ങൾ പിഎസ്ജിക്ക് ലഭിച്ചുവെങ്കിലും ഒന്നും ഫലം കണ്ടില്ല. അതേസമയം സെന്റ് എറ്റിനിയുടെ ഗോൾ ശ്രമങ്ങൾ എല്ലാം തന്നെ നവാസ് നിഷ്ഫലമാക്കി.

Leave a Reply

Your email address will not be published. Required fields are marked *