നെയ്മർ കരാർ പുതുക്കിയാൽ എംബാപ്പെയും തുടരുമെന്ന പ്രതീക്ഷയിൽ പിഎസ്ജി!

പിഎസ്ജിയുടെ നിർണായകതാരങ്ങളായ നെയ്മർ ജൂനിയറുടെയും കിലിയൻ എംബാപ്പെയുടെയും ക്ലബുമായുള്ള കരാർ 2022-ൽ അവസാനിക്കും. ഇരുവരെയും ബന്ധപ്പെടുത്തി കൊണ്ടുള്ള ട്രാൻസ്ഫർ ചർച്ചകൾ നടക്കുന്നതിനിടെ ഇവരുടെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് പിഎസ്ജി. ഇതിൽ നെയ്മറുടെ കാര്യത്തിൽ ഏറെക്കുറെ പിഎസ്ജി വിജയിച്ചു എന്ന് പറയാം. എന്തെന്നാൽ പിഎസ്ജിയിൽ താൻ സന്തോഷവാനാണെന്നും തുടരുന്നതിനെ കുറിച്ച് ആലോചിക്കുമെന്നുമായിരുന്നു നെയ്മർ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നത്. അതിന് പിന്നാലെ നെയ്മർ നാല് വർഷത്തേക്ക് കരാർ പുതുക്കുമെന്നുള്ള വാർത്തയും പുറത്ത് വന്നിരുന്നു. പക്ഷെ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടില്ല.

ഇനി എംബാപ്പെയുടെ കാര്യത്തിലാണ് ഇപ്പോൾ പിഎസ്ജി വെല്ലുവിളി നേരിടുന്നത്.22-കാരനായ താരത്തെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് പിഎസ്ജി സമീപിച്ചുവെങ്കിലും അന്ന് എംബാപ്പെ നിരസിക്കുകയായിരുന്നു. പണമല്ല എംബാപ്പെയുടെ പ്രശ്നം, മറിച്ച് മികച്ച ഏതെങ്കിലും ക്ലബ്ബിൽ കളിക്കണമെന്ന ആഗ്രഹമുള്ള വ്യക്തിയാണ് എംബാപ്പെ. റയൽ മാഡ്രിഡ്‌, ലിവർപൂൾ തുടങ്ങിയവർ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഏതായാലും എംബാപ്പെ ഉടൻ തന്നെ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവിടെ മറ്റൊരു സാധ്യത കൂടി പിഎസ്ജി വിലയിരുത്തുന്നുണ്ട്. നെയ്മർ കരാർ പുതുക്കിയാൽ എംബാപ്പെ തുടരാൻ സാധ്യതയുണ്ട് എന്നാണ് ഇവരുടെ കണക്കുകൂട്ടലുകൾ. ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. അത്കൊണ്ട് തന്നെ നെയ്മറുടെ കരാർ പുതുക്കി കഴിഞ്ഞാൽ ഉടൻ തന്നെ എംബാപ്പെയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയുമെന്നാണ് പിഎസ്ജിയുടെ വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *