നെയ്മർ ഓവർറേറ്റഡ്, രൂക്ഷവിമർശനവുമായി മുൻ ബ്രസീൽ താരം!

ഈ കഴിഞ്ഞ കോപ്പ അമേരിക്കയിൽ മികച്ച പ്രകടനം നടത്തിയിരുന്നുവെങ്കിലും ബ്രസീലിന് കിരീടം നേടികൊടുക്കാൻ സൂപ്പർ താരം നെയ്മർ ജൂനിയർക്ക്‌ സാധിച്ചിരുന്നില്ല.രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായിരുന്നു കോപ്പയിൽ നെയ്മറുടെ സമ്പാദ്യം. എന്നാൽ ഫൈനലിൽ അർജന്റീനയോട് ബ്രസീൽ പരാജയപ്പെടുകയായിരുന്നു. ഇപ്പോഴിതാ നെയ്മർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ബ്രസീലിയൻ താരമായ ലൂയിസ് മുള്ളർ. ഓവർറേറ്റഡായ താരമാണ് നെയ്മർ എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോമെർക്കാറ്റോവെബ്ബിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ബ്രസീലിയൻ ക്ലബായ സാവോ പോളോക്ക്‌ വേണ്ടി കളിച്ച താരമാണ് മുള്ളർ.

” നെയ്മർ ഒരു ഓവർറേറ്റഡായ താരമാണ്. അദ്ദേഹത്തിന് പിഎസ്ജി നൽകുന്ന പണത്തിനുള്ള മൂല്യമൊന്നും നെയ്മർക്കില്ല.ഒരു ബാലൺ ഡിയോർ പോലും ഇതുവരെ നേടാൻ കഴിയാത്ത താരമാണ് നെയ്മർ.നിലവിൽ ഫുട്ബോൾ ലോകത്ത് വിരലിൽ എണ്ണാവുന്ന വലിയ താരങ്ങൾ മാത്രമേ ഒള്ളൂ.ക്രിസ്റ്റ്യാനോയും മെസ്സിയും ആ താരങ്ങളിൽ പെട്ടവരാണ്. കാരണം അവർ അത് കളിക്കളത്തിൽ തെളിയിച്ചതാണ്. എന്നാൽ നെയ്മറാവട്ടെ കളത്തിനുള്ളിൽ ഉള്ളതിനേക്കാൾ മൂല്യം കളത്തിന് പുറത്താണ് ” ഇതാണ് ലൂയിസ് മുള്ളർ വിമർശനരൂപേണ പറഞ്ഞത്. നിലവിൽ നെയ്മർ അവധി ആഘോഷത്തിലാണുള്ളത്. താരം ഉടൻ തന്നെ പിഎസ്ജിക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *