നെയ്മറൊരിക്കലും അങ്ങനെ ചെയ്യില്ല, മാർക്കിഞ്ഞോസിന് പറയാനുള്ളത് ഇങ്ങനെ !

കഴിഞ്ഞ പിഎസ്ജി-മാഴ്സെ മത്സരത്തിനിടെ ഉണ്ടായ പ്രശ്നങ്ങൾ ഒന്നും തന്നെ ഇതുവരെ അവസാനിച്ചിട്ടില്ല. മത്സരത്തിൽ റെഡ് കാർഡ് കാണുകയും അനിഷ്ടസംഭവങ്ങൾക്ക് കാരണക്കാരാവുകയും ചെയ്‌ത താരങ്ങളെ ലീഗ് വൺ അധികൃതർ മത്സരങ്ങളിൽ നിന്നും വിലക്കിയിരുന്നു. എന്നാൽ അൽവാരോ ഗോൺസാലസ് നെയ്മറെ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണത്തിൽ ഇതുവരെ ശിക്ഷാനടപടികൾ ഒന്നും തന്നെ എടുത്തിട്ടില്ല. അതിന്റെ അന്വേഷണം പൂർത്തിയാകുന്നതേയൊള്ളൂ. ഈ മാസം അവസാനം അതിൽ വിധി വന്നേക്കും. അതേ സമയം നെയ്മർ ജൂനിയർ തന്നെ വംശീയമായി അധിക്ഷേപിച്ചിരുന്നു എന്ന ആരോപണവുമായി ജപ്പാൻ താരം ഹിരോകോ സകായ് രംഗത്ത് വന്നിരുന്നു. മാഴ്സെയുടെ താരം തന്നെയാണ് സകായിയും. ഈ വിഷയത്തിൽ ഇപ്പോൾ നെയ്മർ ജൂനിയറെ പിന്തുണച്ചിരിക്കുകയാണ് സഹതാരവും പിഎസ്ജി നായകനുമായ മാർക്കിഞ്ഞോസ്. നെയ്മർ ജൂനിയർ അങ്ങനെ ചെയ്യുന്ന ആളല്ല എന്നാണ് ഈ ബ്രസീലിയൻ താരത്തിന്റെ അഭിപ്രായം. ലെ പാരീസിയന് നൽകിയ അഭിമുഖത്തിലാണ് മാർക്കിഞ്ഞോസ് നെയ്മറെ പിന്തുണച്ചത്.

” എനിക്കറിയാം നെയ്മറിനെ. അദ്ദേഹം ഒരിക്കലും മറ്റൊരാളെ വംശീയപരമായി അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന ഒരാളല്ല. തീർച്ചയായും ഇത് പറയാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. ഞാൻ അന്ന് കളത്തിൽ ഇല്ലായിരുന്നു. മാത്രമല്ല ഞാൻ അത്തരത്തിലുള്ള ഒരു വിഡിയോ ഫുട്ടേജും കണ്ടിട്ടില്ല. പക്ഷെ നെയ്മറിനെ അറിയുന്ന ഏതൊരാൾക്കും അറിയാം. അദ്ദേഹം ഒരിക്കലും തന്നെ വംശീയപരമായ വാക്കുകൾ ഉപയോഗിച്ച് കൊണ്ടു തമാശ പറയുന്ന ഒരാളല്ല എന്ന്. നെയ്മർ അങ്ങനെ ചെയ്തിട്ടില്ല എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് ” മാർക്കിഞ്ഞോസ് അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *