നെയ്മറുടെ കാര്യത്തിൽ പിഎസ്ജി കുടുംബത്തിന് സന്തോഷം, പോച്ചെട്ടിനോ പറയുന്നു!

ഇന്നലെയായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ തന്റെ പിഎസ്ജിയുമായുള്ള കരാർ ഔദ്യോഗികമായി പുതുക്കിയത്.2022 വരെയുള്ള കരാർ 2025 വരെയാണ് താരം നീട്ടിയത്.29-കാരനായ താരം ഇനി നാല് വർഷം കൂടി പിഎസ്ജിക്കൊപ്പമുണ്ടാവുമെന്നുറപ്പായി. മാത്രമല്ല നെയ്മർ ബാഴ്‌സയിലേക്ക് എന്ന ട്രാൻസ്ഫർ റൂമറുകൾക്കാണ് ഇതോട് കൂടി വിരാമമായത്. ഏതായാലും നെയ്മർ കരാർ പുതുക്കിയതിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് പിഎസ്ജി പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ. നെയ്മറുടെ കാര്യത്തിൽ പിഎസ്ജി കുടുംബം മുഴുവനും സന്തോഷത്തിലാണ് എന്നാണ് പോച്ചെട്ടിനോ അറിയിച്ചത്.റെന്നസിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പോച്ചെട്ടിനോ.

” നെയ്മർ കരാർ പുതുക്കിയതിൽ പിഎസ്ജി കുടുംബം മുഴുവനും സന്തോഷത്തിലാണ്.ഞങ്ങളുടെ ടീമിലെ താരങ്ങൾക്ക് മുന്നിലുള്ള വെല്ലുവിളി എന്തെന്നാൽ, അവരുടെ ടാലെന്റ് ഉപയോഗപ്പെടുത്തി ടീമിനെ മുന്നോട്ട് കൊണ്ട് വരിക എന്നുള്ളതാണ്. ഭാവിയിലേക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയും അത്‌ തന്നെ.നെയ്‌മറെ പോലെയുള്ള താരങ്ങൾ ടീമിൽ ഉണ്ടെങ്കിൽ പിന്നെ ഇത്തരം വെല്ലുവിളികൾ മറികടക്കാൻ എളുപ്പമാണ്. അദ്ദേഹം ഇനി നാല് വർഷം കൂടി ടീമിനൊപ്പമുണ്ട്.നെയ്മർ കരാർ പുതുക്കിയത് അദ്ദേഹത്തിന് ക്ലബിലുള്ള ആഗ്രഹത്തെയാണ് കാണിക്കുന്നത്.ഇവിടെയുള്ള എല്ലാവർക്കും ആഗ്രഹങ്ങളുണ്ട്.ബുദ്ധിമുട്ടുകൾ മറികടന്ന് കൊണ്ട് ആ ആഗ്രഹങ്ങളെ എങ്ങനെ സഫലീകരിക്കാമെന്ന് ഇവിടെയുള്ള ഓരോ താരങ്ങളും മനസ്സിലാക്കുന്നുമുണ്ട് ” പോച്ചെട്ടിനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *