നെയ്മറുടെ ആരോപണത്തിന് കൃത്യമായ തെളിവില്ല, വിലക്കിൽ നിന്ന് രക്ഷപ്പെട്ട് ഇരുതാരങ്ങളും !

കഴിഞ്ഞ പിഎസ്ജി vs മാഴ്സെ മത്സരം വിവാദങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു നെയ്മറുടെ വംശീയാധിക്ഷേപ ആരോപണം. മാഴ്സെ താരമായ അൽവാരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നായിരുന്നു സൂപ്പർ താരം ആരോപണം ഉന്നയിച്ചിരുന്നത്. ഇതിനെ തുടർന്ന് എൽഎഫ്പി വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇന്നലെയാണ് ഈ വിഷയത്തിൽ എൽഎഫ്പി വിധി പുറപ്പെടുവിച്ചത്. അൽവാരോ ഗോൺസാലസ് നെയ്മറെ വംശീയമായി അധിക്ഷേപിച്ചു എന്നതിന് കൃത്യമായ തെളിവുകൾ ഇല്ല എന്നാണ് എൽഎഫ്പിയുടെ കണ്ടെത്തൽ. ” ശക്തമായ തെളിവുകളുടെ അഭാവം ” എന്നാണ് എൽഎഫ്പി പ്രസ്താവനയിൽ പരാമർശിച്ചിരിക്കുന്നത്. ഇതിനാൽ തന്നെ അൽവാരോ ഗോൺസാലസ് കുറ്റക്കാരൻ ആണെന്നോ, അതല്ലെങ്കിൽ നെയ്‌മർ വ്യാജആരോപണം ഉന്നയിച്ചെന്നോ അർത്ഥമില്ല. ഇതുകൊണ്ട് ഇരുവർക്കുമെതിരെ നടപടി എടുക്കണ്ട എന്നാണ് എൽഎഫ്പിയുടെ തീരുമാനം.

അതായത് ഇരുവർക്കും വിലക്ക് നേരിടേണ്ടി വരില്ല. ഇരുവരിൽ ഒരാൾ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞിരുന്നുവെങ്കിൽ എട്ട് മത്സരം മുതൽ പത്ത് മത്സരം വരെ ഇവരെ വിലക്കാൻ എൽഎഫ്പിക്ക് അധികാരമുണ്ടായിരുന്നു. എന്നാൽ നടപടികൾ ഒന്നും വേണ്ട എന്നാണ് എൽഎഫ്പിയുടെ തീരുമാനം. അതേസമയം പുതിയ തെളിവുകൾ പുറത്ത് വന്നാൽ അന്വേഷണം പുനരാരംഭിക്കാൻ കഴിയും. ഇത്കൂടാതെ രണ്ട് ടീമുകൾക്കും വിധിക്കെതിരെ അപ്പീൽ നൽകാനും സാധിക്കും. അങ്ങനെ ആണെങ്കിലും വീണ്ടും അന്വേഷണം നടക്കും. ഏതായാലും വിധിയിൽ രണ്ട് ക്ലബുകളും അഭിപ്രായങ്ങൾ ഒന്നും അറിയിച്ചിട്ടില്ല. പുതിയ തെളിവുകൾ പുറത്ത് വന്നാൽ കേസ് റീ ഓപ്പൺ ആവാനുള്ള സാധ്യതയുണ്ട് എന്നത് ഒഴിച്ചാൽ ഇനി എൽഎഫ്പിയുടെ വിശദമായ അന്വേഷണത്തിന് സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *