നെയ്മറും എംബപ്പെയും തമ്മിലുള്ള പെനാൽറ്റി ഗേറ്റ് വിവാദം,സഹോദരങ്ങളുടെ തർക്കം പോലെ കണ്ടാൽ മതിയെന്ന് പിഎസ്ജി പ്രസിഡന്റ്‌!

ഈയിടെ ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് പിഎസ്ജിയിലെ പെനാൽറ്റി ഗേറ്റ് വിവാദം.മോന്റ്പെല്ലിയറിനെതിരെയുള്ള മത്സരത്തിനിടയിലായിരുന്നു സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പെയും പെനാൽറ്റിക്ക് വേണ്ടി തർക്കിച്ചിരുന്നത്. എന്നാൽ പിന്നീട് ക്ലബ്ബ് തന്നെ ഇടപെട്ടുകൊണ്ട് ഇതിന് പരിഹാരം കാണുകയായിരുന്നു.

ഏതായാലും പിഎസ്ജിയുടെ പ്രസിഡന്റായ നാസർ അൽ ഖലീഫി ഈ വിവാദത്തിൽ ഇപ്പോൾ തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്. അതായത് നെയ്മറും എംബപ്പെയും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും മാധ്യമങ്ങളാണ് അത് ഉണ്ടാക്കിയത് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. സഹോദരങ്ങൾ തമ്മിലുള്ള തർക്കം പോലെയാണ് ഇതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.നാസർ അൽ ഖലീഫിയുടെ വാക്കുകൾ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” അവർ തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല.ഇതൊക്കെ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. പിന്നെ പെനാൽറ്റിക്ക് വേണ്ടി വാഗ്വാദത്തിൽ ഏർപ്പെട്ടത് സ്വാഭാവികമായ കാര്യമാണ്. എനിക്ക് എന്റെ സഹോദരനോടും സഹോദരിയോടും വാഗ്വാദത്തിൽ ഏർപ്പെടാമല്ലോ? അത് സാധാരണമായ കാര്യമാണ്. നെയ്മറും എംബപ്പെയും വളരെ നല്ല സുഹൃത്തുക്കളാണ്. കൂടാതെ നല്ല സഹതാരങ്ങളുമാണ്. അവർ എപ്പോഴും അങ്ങനെ തന്നെയായിരിക്കും ” ഇതാണ് പിഎസ്ജിയുടെ പ്രസിഡണ്ട് പറഞ്ഞിട്ടുള്ളത്.

ഏതായാലും പ്രശ്നങ്ങൾക്കെല്ലാം വിരാമമായി എന്നുള്ളത് കഴിഞ്ഞ ലില്ലിക്കെതിരെയുള്ള മത്സരത്തോടുകൂടി തെളിഞ്ഞിരുന്നു. മികച്ച ഒത്തൊരുമയോടുകൂടിയായിരുന്നു കഴിഞ്ഞ മത്സരം പിഎസ്ജി കളിച്ചിരുന്നത്.എംബപ്പയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നെയ്മറായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *