നൂറിന്റെ നിറവിൽ സുൽത്താൻ, കണക്കുകൾ ഇങ്ങനെ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ മോന്റ്പെല്ലിയറിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പിഎസ്ജി തോൽപ്പിച്ചത്. മത്സരത്തിൽ ഒരു ഗോൾ നേടാൻ സൂപ്പർ താരം നെയ്മർ ജൂനിയർക്ക്‌ സാധിച്ചിരുന്നു. ഉജ്ജ്വലപ്രകടനമാണ് നെയ്മറും എംബാപ്പെയുമടങ്ങുന്ന സംഘം ഇന്നലെ കാഴ്ച്ചവെച്ചത്. എന്നാൽ ഇന്നലത്തെ മത്സരം നെയ്മർ ജൂനിയറെ സംബന്ധിച്ചെടുത്തോളം സവിശേഷത നിറഞ്ഞ മത്സരമായിരുന്നു. എന്തെന്നാൽ പിഎസ്ജി ജേഴ്‌സിയിൽ നെയ്മർ കളിക്കുന്ന നൂറാം മത്സരമായിരുന്നു ഇത്. നൂറാം മത്സരത്തിലും ഗോൾ നേടാനായി എന്നുള്ളത് താരത്തിന് സന്തോഷമേകുന്ന കാര്യമാണ്.പിഎസ്ജിക്കായി ആകെ നൂറ് മത്സരങ്ങൾ കളിച്ച താരം 81 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്. ഇതുകൂടാതെ 46 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. ഇങ്ങനെ നൂറ് മത്സരങ്ങളിൽ നിന്നായി 127 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ നെയ്മർക്ക്‌ സാധിച്ചു.

2017-ലായിരുന്നു നെയ്മർ ലോകറെക്കോർഡ് തുകക്ക്‌ ബാഴ്‌സയിൽ നിന്ന് പിഎസ്ജിയിൽ എത്തുന്നത്. ആദ്യത്തെ രണ്ട് സീസണുകൾ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. പരിക്കുകൾ മൂലം താരത്തിന് ഒട്ടേറെ മത്സരങ്ങൾ പിഎസ്ജിയിൽ നഷ്ടമായി. കൂടാതെ ബാഴ്‌സയിലേക്ക് മടങ്ങുമെന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങളും പരന്നു. എന്നാൽ നിലവിൽ താരം പിഎസ്ജി സന്തോഷവാനാണ്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ പിഎസ്ജിയെത്തി. ഇത് വരെ പിഎസ്ജിയിൽ പത്ത് കിരീടങ്ങൾ നേടാൻ നെയ്മർക്ക്‌ സാധിച്ചു.2022 വരെയാണ് നെയ്മർക്ക്‌ പിഎസ്ജിയുമായി കരാറുള്ളത്. താരം കരാർ പുതുക്കുമെന്ന പ്രതീക്ഷയിലാണ് പിഎസ്ജി അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *