നീ ഇനിയും പോയില്ലേ? എംബപ്പേ ചോദ്യത്തിനോട് പ്രതികരിച്ച് എൻറിക്കെ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ പിഎസ്ജി വിട്ടത്.ഫ്രീ ഏജന്റായി കൊണ്ട് അദ്ദേഹം റയൽ മാഡ്രിഡിലേക്ക് എത്തുകയായിരുന്നു.അരങ്ങേറ്റം തന്നെ അദ്ദേഹം ഗംഭീരമാക്കിയിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരു ഗോളും കിരീടവും എംബപ്പേ സ്വന്തമാക്കുകയായിരുന്നു.കരിയറിലെ ആദ്യ യൂറോപ്പ്യൻ ട്രോഫിയാണ് എംബപ്പേ ഇപ്പോൾ കരസ്ഥമാക്കിയിട്ടുള്ളത്.
ഇന്നലെ നടന്ന പ്രസ് കോൺഫറൻസിൽ പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെയോട് എംബപ്പേയെ പറ്റി ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ റയലിലെ അരങ്ങേറ്റത്തെ കുറിച്ചും അദ്ദേഹം ഇല്ലാതെ ക്ലബ്ബ് എങ്ങനെ മുന്നോട്ടു പോകും എന്നതിനെക്കുറിച്ചുമായിരുന്നു ചോദ്യം.ഒരു സ്പാനിഷ് ജേണലിസ്റ്റായിരുന്നു എംബപ്പേയെ കുറിച്ച് ചോദിച്ചിരുന്നത്.എന്നാൽ എൻറിക്കെ ആ ജേണലിസ്റ്റിനെ പരിഹസിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത്.പിഎസ്ജി പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എന്റെ ദൈവമേ..ഈ സ്പാനിഷുകാർ എത്ര ബോറിങ്ങാണ്. നീ ഇപ്പോഴും ഇവിടെത്തന്നെയുണ്ടോ? നീ പാരീസിൽ ആണോ ജീവിക്കുന്നത്? ഒളിമ്പിക്സ് ആസ്വദിച്ചില്ലേ?നല്ലത്.എംബപ്പേയുടെ കാര്യത്തിൽ എനിക്കൊന്നും തന്നെ ഒളിക്കാനില്ല.ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം. വളരെ അസാധാരണമായ ഒരു താരവും അതുല്യമായ ഒരു വ്യക്തിയുമാണ് അദ്ദേഹം.അദ്ദേഹത്തിനോടും അദ്ദേഹത്തിന്റെ സഹോദരനോടും ഒപ്പമുള്ള കഴിഞ്ഞ സീസൺ ഞാൻ വളരെയധികം ആസ്വദിച്ചിരുന്നു.ഞാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഏതെങ്കിലും ടൂർണമെന്റിൽ ഞങ്ങൾക്ക് റയൽ മാഡ്രിഡിനെ നേരിടേണ്ടി വരികയാണെങ്കിൽ അവർ ഞങ്ങളോട് പരാജയപ്പെടട്ടെ എന്നും ഞാൻ ആശംസിക്കുന്നു ” ഇതാണ് പിഎസ്ജി കോച്ച് പറഞ്ഞിട്ടുള്ളത്.
ലീഗ് വണ്ണിലെ ആദ്യത്തെ മത്സരത്തിനു വേണ്ടി പിഎസ്ജി ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ ലെ ഹാവ്രയാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈയൊരു മത്സരം നടക്കുക. അതേസമയം റയൽ മാഡ്രിഡ് ആദ്യ മത്സരത്തിൽ മയ്യോർക്കയെയാണ് നേരിടുക.