നിന്റെ ജീവൻ കൊണ്ട് വില നൽകേണ്ടി വരും, നെയ്മറെ ഫൗളിനിരയാക്കിയ മെൻഡസിന് വധഭീഷണി !

കഴിഞ്ഞ ലിയോണിനെതിരെയുള്ള മത്സരത്തിലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർക്ക്‌ പരിക്കേറ്റത്. ലിയോണിന്റെ ബ്രസീൽ താരം തിയാഗോ മെൻഡസായിരുന്നു സൂപ്പർ താരത്തെ കടുത്ത ഫൗളിനിരയാക്കിയത്. കരഞ്ഞു കൊണ്ട്, സ്ട്രക്ചറിൽ പുറത്തേക്ക് പോയ നെയ്മറുടെ പരിക്ക് ഗുരുതരമാവുമെന്ന് കരുതിയിരുന്നുവെങ്കിലും ആരാധകർക്ക്‌ ആശ്വാസം പകർന്നു കൊണ്ട് ഗുരുതരമല്ല എന്ന വാർത്ത പുറത്ത് വരികയായിരുന്നു. എന്നാൽ എത്രകാലം താരം പുറത്തിരിക്കേണ്ടി വരുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തന്നെ ഒരിക്കൽ കൂടി ദൈവം രക്ഷിച്ചു എന്നാണ് നെയ്മർ ഇതേകുറിച്ച് പറഞ്ഞത്. കൂടാതെ പിഎസ്ജി പരിശീലകൻ തോമസ് ടുഷേലും നെയ്മർ ഉടൻ തന്നെ തിരിച്ചു വന്നേക്കുമെന്ന സൂചനകൾ നൽകിയിരുന്നു. ഏതായാലും ബാഴ്‌സക്കെതിരെ നെയ്മർ ഉണ്ടാവുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടലുകൾ. എന്നാൽ നെയ്മറെ ഫൗളിനിരയാക്കിയ മെൻഡസിന് കാര്യങ്ങൾ ഗുരുതരമായി കൊണ്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

നെയ്മറെ പരിക്കേൽപ്പിച്ചതിനെ തുടർന്ന് തങ്ങൾക്ക്‌ വധഭീഷണി വന്നു എന്നാണ് തിയാഗോ മെൻഡസിന്റെയും ഭാര്യയുടെയും വെളിപ്പെടുത്തൽ. സോഷ്യൽ മീഡിയയിലൂടെയാണ് മെൻഡസിനും ഭാര്യ കെല്ലി മെൻഡസിനും വധഭീഷണി വന്നത്. ” നെയ്മർക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ നീ നിന്റെ ജീവൻ കൊണ്ട് വില നൽകേണ്ടി വരും. കൂടാതെ നിന്റെ കുടുംബത്തിന്റെ ജീവൻ കൊണ്ടും ” ഇതായിരുന്നു ഇതിലൊരു സന്ദേശം. ഉടനെ തന്നെ ഇവർ ഇക്കാര്യം പോലീസിൽ റിപ്പോർട്ട്‌ ചെയ്യുകയായിരുന്നു. മത്സരത്തിന് ശേഷം ഉടൻ തന്നെ ഈ ബ്രസീലിയൻ താരം നെയ്മറോട് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. പിഴവ് സംഭവിച്ചു പോയെന്നും ആത്മാർത്ഥമായി മാപ്പ് പറയുന്നു എന്നുമാണ് ഇൻസ്റ്റഗ്രാമിലൂടെ മെൻഡസ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *