താരബാഹുല്യം : പിഎസ്ജിയിൽ പെനാൽറ്റി ആരെടുക്കും?

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും സെർജിയോ റാമോസും പിഎസ്ജിയിൽ എത്തിയത്. നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയുമടങ്ങുന്ന വൻ താരനിരയുടെ ഇടയിലേക്കാണ് ഈ രണ്ട് സൂപ്പർ താരങ്ങളുടെ കടന്നു വരവ്. ഇതോടെ പിഎസ്ജി താരബാഹുല്യം അനുഭവിക്കുകയാണ് എന്നുള്ളത് വ്യക്തമാണ്.

അത്കൊണ്ട് തന്നെ ഇവിടെ ഒരു പ്രധാനപ്പെട്ട ചോദ്യം ഉയർന്നു വരുന്നുണ്ട്. പിഎസ്ജിക്ക്‌ പെനാൽറ്റി ലഭിച്ചാൽ ആരെടുക്കും? തീരുമാനിക്കേണ്ടത് പരിശീലകനായ പോച്ചെട്ടിനോയാണെങ്കിലും ഇതിന്റെ സാധ്യതകളെ കുറിച്ച് സ്പാനിഷ് മാധ്യമമായ മാർക്ക ഒരു വിലയിരുത്തൽ നടത്തിയിട്ടുണ്ട്. അതൊന്ന് പരിശോധിക്കാം.

റയലിൽ പെനാൽറ്റി എടുത്തിരുന്ന റാമോസ് അവസാനമായി എടുത്ത 10 പെനാൽറ്റികളും വിജയകരമായി ലക്ഷ്യം കണ്ടിട്ടുണ്ട്.താരത്തെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച കണക്കാണ്.അതേസമയം നിലവിൽ പിഎസ്ജിയിൽ പെനാൽറ്റി എടുക്കുന്ന നെയ്മർ അവസാന 10 പെനാൽറ്റികളിൽ 9 എണ്ണവും ലക്ഷ്യം കണ്ടിട്ടുണ്ട്. സൂപ്പർ താരമായ കിലിയൻ എംബപ്പേക്കും ഇതേ കണക്ക് തന്നെയാണ് അവകാശപ്പെടാനുള്ളത്.10 പെനാൽറ്റികളിൽ നിന്ന് 9 എണ്ണവും ലക്ഷ്യത്തിലെത്തിച്ചു.

എഫ്സി ബാഴ്സലോണയിൽ പെനാൽറ്റി എടുത്തിരുന്ന മെസ്സി അവസാനമായി എടുത്ത 10 പെനാൽറ്റികളിൽ 8 എണ്ണം ലക്ഷ്യത്തിൽ എത്തിച്ചിട്ടുണ്ട്.കണക്കുകൾ റാമോസിന് അനുകൂലമാണെങ്കിലും മെസ്സി പെനാൽറ്റി എടുക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

അതേസമയം പെനാൽറ്റിക്ക്‌ പുറമേ ഫ്രീകിക്കുകളുടെ കാര്യത്തിലും പോച്ചെട്ടിനോ തീരുമാനത്തിൽ എത്തേണ്ടതുണ്ട്. നെയ്മർ, മെസ്സി എന്നിവർക്കാണ് ഫ്രീകിക്കിന്റെ കാര്യത്തിൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഏതായാലും പോച്ചെട്ടിനോ പെനാൽറ്റി എടുക്കാനും ഫ്രീകിക്ക്‌ എടുക്കാനും ഒരാളെ നിയോഗിക്കുമോ അതോ സൂപ്പർ താരങ്ങളെ മാറി മാറി ഉപയോഗിക്കുമോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *