ഡോണ്ണാരുമയോ നവാസോ? നിലപാട് വ്യക്തമാക്കി പിഎസ്ജിയുടെ പുതിയ പരിശീലകൻ!

പിഎസ്ജിയുടെ പുതിയ പരിശീലകനായി കൊണ്ട് ക്രിസ്റ്റോഫ് ഗാൾട്ടിയർ ഇന്നലെ ചുമതലയേറ്റിരുന്നു. താരസമ്പന്നമായ പിഎസ്ജിയെ കൂടുതൽ മികവിലേക്ക് ഉയർത്തുക എന്നുള്ളതാണ് ഇദ്ദേഹത്തിന് മുന്നിലുള്ള വെല്ലുവിളി.

നിലവിൽ രണ്ട് ലോകോത്തര ഗോൾകീപ്പർമാരെ പിഎസ്ജിക്ക് ലഭ്യമാണ്. അതുകൊണ്ടുതന്നെ മുൻ പരിശീലകനായിരുന്ന മൗറിസിയോ പോച്ചെട്ടിനോ ഡോണ്ണാരുമയെയും കെയ്‌ലർ നവാസിനെയും റോട്ടേറ്റ് ചെയ്തായിരുന്നു ഉപയോഗിച്ചിരുന്നത്.

ഇപ്പോഴിതാ ഈ താരങ്ങളെ കുറിച്ചുള്ള തന്റെ നിലപാട് ഗാൾട്ടിയർ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇരുവരെയും മാറിമാറി ഉപയോഗിക്കില്ലെന്നും മറിച്ച് ഫസ്റ്റ് ഗോൾകീപ്പർ, സെക്കൻഡ് ഗോൾകീപ്പർ എന്നിങ്ങനെ നിശ്ചയിക്കുമെന്നുമാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്. അത് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഗാൾട്ടിയറുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഉടൻതന്നെ ഗോൾകീപ്പർമാരെ നേരിട്ട് കാണും. കഴിഞ്ഞ സീസണിൽ അവരെ ഉപയോഗിച്ച രീതി ഞാൻ ശ്രദ്ധിച്ചിരുന്നു.പക്ഷേ അതേക്കുറിച്ച് ഞാൻ ഇപ്പോഴൊന്നും പറയുന്നില്ല.എനിക്ക് ആദ്യം അവരെ ഒന്ന് കാണേണ്ടതുണ്ട്. പക്ഷേ നമ്പർ വൺ, നമ്പർ ടു എന്നിങ്ങനെ നിശ്ചയിക്കാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ സെക്കൻഡ് ഗോൾകീപ്പർക്ക് പോലും ആദ്യ ഇലവനിൽ ഇടം നേടാൻ സാധിക്കും. അത് പ്രകടനത്തിനെ ആശ്രയിച്ചായിരിക്കും നിലകൊള്ളുക. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ എല്ലാം എളുപ്പമായിരിക്കും ” ഇതാണ് ഗാള്‍ട്ടിയർ പറഞ്ഞിട്ടുള്ളത്.

അതേസമയം റൊട്ടേഷൻ സിസ്റ്റത്തിൽ രണ്ട് ഗോൾകീപ്പർമാരും നേരത്തെ നീരസം പ്രകടിപ്പിച്ചിരുന്നു. ആരായിരിക്കും ടീമിന്റെ ഫസ്റ്റ് ഗോൾകീപ്പർ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *