ട്രെയിനിന് പകരം പ്രൈവറ്റ് ജെറ്റ്,ഗാൾട്ടിയർ പ്രതികരിച്ചത് തമാശരൂപേണ, സ്പോർട്സ് മിനിസ്റ്ററുടെ വിമർശനം!

കഴിഞ്ഞ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ നാന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്താൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു.നാന്റസിന്റെ മൈതാനത്ത് വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. പാരീസിൽ നിന്നും കേവലം രണ്ട് മണിക്കൂറിലെ ട്രെയിൻ യാത്ര മാത്രമാണ് ഈ സ്ഥലത്തേക്ക് ഉണ്ടായിരുന്നത്. എന്നാൽ പിഎസ്ജിയാവട്ടെ ഈ യാത്രക്ക് വേണ്ടി സ്വകാര്യ വിമാനങ്ങൾ ഉപയോഗിക്കുകയായിരുന്നു.

സൂപ്പർ താരം മാർക്കോ വെറാറ്റിയുടെ ഈ പ്രൈവറ്റ് ജെറ്റിൽ നിന്നുമുള്ള വീഡിയോ പുറത്തുവന്നതോടെ ചില വിമർശനങ്ങൾ പിഎസ്ജിക്ക് ഏൽക്കേണ്ടി വന്നിരുന്നു. ഫ്രാൻസിലെ ഹൈ സ്പീഡ് ട്രെയിനുകളുടെ ഡയറക്ടർ ഇതിനെ വിമർശിക്കുകയും ട്രെയിനിൽ യാത്ര ചെയ്യാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല ട്രെയിൻ ഒഴിവാക്കിക്കൊണ്ട് പ്രൈവറ്റ് ജെറ്റ് ഉപയോഗിച്ചതിനെ കുറിച്ച് പരിശീലകനായ ഗാൾട്ടിയറോട് മാധ്യമപ്രവർത്തകർ ചോദിക്കുകയും ചെയ്തിരുന്നു. വളരെ തമാശരൂപേണ മറുപടി പറഞ്ഞുകൊണ്ട് അതിൽ നിന്ന് ഒഴിയുകയാണ് ഗാൾട്ടിയർ ചെയ്തിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ ചോദ്യം എനിക്ക് നേരിടേണ്ടി വരുമെന്ന് അറിയാമായിരുന്നു.നിങ്ങളോട് സത്യസന്ധമായി പറയുകയാണെങ്കിൽ,ഞങ്ങളുടെ ട്രിപ്പുകൾ ഓർഗനൈസ് ചെയ്യുന്ന കമ്പനിയുമായി ഞങ്ങൾ സംസാരിച്ചിരുന്നു. ഞങ്ങൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് സാന്റ് യാച്ചിലൂടെ ഇനി യാത്ര ചെയ്യാൻ പറ്റുമോ എന്നുള്ളതാണ് ” ഇതായിരുന്നു ഗാൾട്ടിയർ പറഞ്ഞിരുന്നത്.

എന്നാൽ ഇദ്ദേഹത്തിന്റെ ഈ പരിഹാസരൂപേണയുള്ള മറുപടിക്ക് പല വിമർശനങ്ങളും ഏൽക്കേണ്ടി വരുന്നുണ്ട്. നിങ്ങളിൽ നിന്നും കൂടുതൽ ഉത്തരവാദിത്വമുള്ള മറുപടികളാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് എന്നാണ് ഫ്രഞ്ച് സ്പോർട്സ് മിനിസ്റ്റർ ഇതിനോട് പ്രതികരിച്ചിട്ടുള്ളത്.ഏതായാലും ഈ വിഷയത്തിൽ കൃത്യമായ ഒരു വിശദീകരണം പിഎസ്ജി ഉടൻതന്നെ നൽകേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *