ട്രാൻസ്ഫർ ജാലകം അടക്കാൻ കുറഞ്ഞ ദിവസങ്ങൾ മാത്രം,PSG ലക്ഷ്യം വെക്കുന്ന സിൽവ,റാഷ്ഫോർഡ്,സ്ക്രിനിയർ,റൂയിസ് എന്നിവരുടെ നിലവിലെ സ്ഥിതി ഗതികൾ ഇങ്ങനെ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ പിഎസ്ജിയുടെ പരിശീലകനായ ഗാള്‍ട്ടിയർക്ക് ഇപ്പോഴും ചില ആവശ്യങ്ങളുണ്ട്.ഒരു സ്ട്രൈക്കർ, ഒരു സെന്റർ ബാക്ക്, ഒരു മിഡ്ഫീൽഡർ എന്നിങ്ങനെയാണ് പിഎസ്ജി പരിശീലകന്റെ ആവശ്യം. ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം അവശേഷിക്കെ പിഎസ്ജി ചില താരങ്ങൾക്ക് വേണ്ടിയുള്ള പരിശ്രമങ്ങളിലാണ്.

സ്ട്രൈക്കർ പൊസിഷനിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സൂപ്പർ താരം മാർക്കസ് റാഷ്ഫോർഡിനെയാണ് പിഎസ്ജി പരിഗണിക്കുന്നത്.എന്നാൽ താരത്തെ ലഭിക്കാനുള്ള സാധ്യതകൾ കുറവാണ് എന്നുള്ളത് പിഎസ്ജിക്ക് തന്നെയറിയാം. മാത്രമല്ല യുണൈറ്റഡിൽ തന്നെ തുടരുമെന്നുള്ള സൂചനകൾ റാഷ്ഫോർഡ് നൽകുകയും ചെയ്തിരുന്നു.

മധ്യനിരയിലേക്ക് പ്രഥമ പരിഗണന നൽകുന്നത് മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർ താരമായ ബെർണാഡോ സിൽവക്കാണ്.70 മില്യൺ യുറോയുടെ ഒരു ഓഫർ താരത്തിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും സിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം എഫ്സി ബാഴ്സലോണ സിൽവക്ക് വേണ്ടി രംഗത്തുള്ളത് പിഎസ്ജിക്ക് വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്.

കൂടാതെ മിഡ്ഫീൽഡിലേക്ക് പരിഗണിക്കുന്ന മറ്റൊരു താരമാണ് ഫാബിയാൻ റൂയിസ്. താരത്തെ കൺവിൻസ് ചെയ്യാൻ പിഎസ്ജിക്ക് സാധിച്ചാലും തടസ്സമായി നിലകൊള്ളുന്നത് അദ്ദേഹത്തിന്റെ ക്ലബ്ബായ നാപോളി തന്നെയാണ്. താരത്തെ കൈവിടാൻ നിലവിൽ നാപോളി ഉദ്ദേശിക്കുന്നില്ല.

ഇനി സെന്റർ ബാക്ക് സ്ഥാനത്തേക്ക് പിഎസ്ജി ശ്രമിക്കുന്നത് ഇന്ററിന്റെ മിലാൻ സ്ക്രിനിയറിന് വേണ്ടിയാണ്.ഒരുപാട് കാലമായി ക്ലബ്ബ് ശ്രമിക്കുന്നുവെങ്കിലും ഫലം കണ്ടിട്ടില്ല.താരത്തിനു വേണ്ടി 60 മില്യൺ യൂറോയുടെ ഓഫർ നൽകിയെങ്കിലും അദ്ദേഹത്തെ ക്ലബ്ബിൽ തന്നെ നിലനിർത്തുമെന്നാണ് ഇന്ററിന്റെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ചുരുക്കത്തിൽ ഈ നാല് താരങ്ങളെയും എത്തിക്കുക എന്നുള്ളത് നിലവിൽ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ ട്രാൻസ്ഫർ വിൻഡോ അടക്കുന്നത് വരെ ശ്രമങ്ങൾ തുടരാനാണ് പിഎസ്ജി തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *