ടീമിന്റെ എഞ്ചിനാണ്, പക്ഷേ വിശ്വാസയോഗ്യമല്ല : പിഎസ്ജി സൂപ്പർ താരത്തെ കുറിച്ച് പണ്ഡിറ്റ്!
ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ നിർണായക താരങ്ങളിൽ ഒരാളാണ് മാർക്കോ വെറാറ്റി. താരത്തിന്റെ അഭാവം പലപ്പോഴും പിഎസ്ജി ടീമിൽ നന്നായി അറിയാറുണ്ട്. ടീമിലെ നിർണായക സാന്നിധ്യമാണെങ്കിലും പലപ്പോഴും അദ്ദേഹത്തെ ലഭ്യമാവാറില്ല. പരിക്കുകളോ സസ്‌പെൻഷനോ കാരണം പല മത്സരങ്ങളും മാർക്കോ വെറാറ്റിക്ക് നഷ്ടമാവാറുണ്ട്.
ഇപ്പോഴിതാ വെറാറ്റിയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പ്രമുഖ ഫുട്ബോൾ പണ്ഡിറ്റായ ജൂലിയൻ ഫ്രോമെന്റ് പങ്കു വെച്ചിട്ടുണ്ട്. അതായത് ടീമിനെ എഞ്ചിനാണ് വെറാറ്റിയെന്നും പക്ഷേ അദ്ദേഹം വിശ്വാസയോഗ്യമല്ല എന്നുമാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. ഫ്രോമെന്റിന്റെ വാക്കുകൾ പാരീസ് ഫാൻസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
‘He Is Not Reliable’ – French Football Pundit Preaches Concern Over PSG Depending on Marco Verratti https://t.co/FuJYkbkrL5
— PSG Talk (@PSGTalk) December 31, 2021
” വെറാറ്റിയുള്ള പിഎസ്ജിയും വെറാറ്റിയില്ലാത്ത പിഎസ്ജിയും രണ്ടും രണ്ടാണ്.യഥാർത്ഥത്തിൽ ടീമിന്റെ എഞ്ചിനാണ് വെറാറ്റി. അദ്ദേഹമുണ്ടെങ്കിൽ ടീമിനൊരു താളമുണ്ടാവും.ഡിഫൻസിന്റെയും അറ്റാക്കിന്റെയും ഇടയിൽ ഒരു ടൈമിംഗ് സൃഷ്ടിക്കാൻ ഇദ്ദേഹത്തിന് കഴിയും.തീർച്ചയായും അദ്ദേഹം ടീമിന്റെ പ്രധാനപ്പെട്ട ഘടകമാണ്. പക്ഷേ ഈ എഞ്ചിന്റെ പ്രശ്നമെന്തെന്നാൽ അത് പലപ്പോഴും നിലച്ചു പോവുമെന്നുള്ളതാണ്. അതായത് 27 മത്സരങ്ങൾ ഉണ്ടെങ്കിൽ 13 മത്സരങ്ങളിൽ മാത്രമേ ലഭ്യമാവുകയൊള്ളൂ.രണ്ട് മത്സരങ്ങൾ ഉണ്ടെങ്കിൽ ഒന്നിൽ മാത്രം ലഭ്യമാവും. നിർഭാഗ്യവശാൽ ഇത് വെറാറ്റിയുടെ ഒരു മോശം ശീലമാണ്.നമ്മൾ യാഥാർഥ്യങ്ങളെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അദ്ദേഹം വിശ്വാസയോഗ്യനല്ല.ക്ലബ് ആഗ്രഹിക്കുന്ന മത്സരങ്ങൾ പോലും അദ്ദേഹത്തിന് കളിക്കാനാവുന്നില്ല ” ഇതാണ് ഫ്രോമെന്റ് പറഞ്ഞത്.
ഈ ലീഗ് വണ്ണിൽ പത്തൊൻപത് മത്സരങ്ങളാണ് പിഎസ്ജി ആകെ കളിച്ചത്. ഇതിൽ 9 മത്സരങ്ങളിലാണ് വെറാറ്റി പങ്കെടുത്തത്. പരിക്ക് മൂലം ബാക്കിയുള്ളവ നഷ്ടമാവുകയായിരുന്നു.