ഞാൻ പിഎസ്ജിയിൽ തുടരും,’സഹോദരൻ’ ഇവിടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു : നെയ്മർ!

സൂപ്പർ താരം നെയ്മർ ജൂനിയർ പി എസ്ജിയിൽ തന്നെ തുടരുമെന്ന് സ്ഥിരീകരിക്കപ്പെട്ടു. പുതുതായി ടെലിഫൂട്ടിന് നൽകിയ അഭിമുഖത്തിലാണ് നെയ്മർ ഇക്കാര്യം വ്യക്തമാക്കിയത്. പിഎസ്ജിയിൽ താൻ സന്തോഷവാനാണെന്നും ഇവിടെ തുടരുമെന്നാണ് നെയ്മർ നേരിട്ട് അറിയിച്ചത്. ഇതോടെ നെയ്മറെ ചുറ്റിപ്പറ്റി നിന്നിരുന്ന അഭ്യൂഹങ്ങൾക്കെല്ലാം വിരാമമായി. അതേസമയം തന്റെ സഹോദരനായ കിലിയൻ എംബാപ്പെയും കരാർ പുതുക്കി കൊണ്ട് ഇവിടെ തന്നെയുണ്ടാവുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും നെയ്മർ കൂട്ടിച്ചേർത്തു. ഇന്നലത്തെ മത്സരത്തിൽ നെയ്മർ ഇരട്ടഗോളുകൾ നേടിയിരുന്നു. എന്നാൽ പിഎസ്ജി ലോറിയന്റിനോട്‌ അട്ടിമറി തോൽവിയേറ്റുവാങ്ങുകയായിരുന്നു.

” നിലവിൽ ഞാൻ പിഎസ്ജിയിൽ വളരെയധികം സന്തോഷവാനാണ്.ഇവിടുത്തെ കാര്യങ്ങൾ ഒരുപാട് മാറിയിട്ടുണ്ട്. അടുത്ത സീസൺ പാരീസിൽ തന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.എന്റെ സഹോദരനായ കിലിയൻ എംബാപ്പെയും ഇവിടെയുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതാണ് ഇവിടുത്തെ ആരാധകർക്കും വേണ്ടത്.ഞാൻ എംബാപ്പെയും സഹോദരങ്ങളെ പോലെയാണ്.ഞാനാണ് മൂത്തവൻ.ഞാൻ അദ്ദേഹത്തെ സുവർണബാലൻ എന്നാണ് വിളിക്കുന്നത്. അദ്ദേഹം ഒരു ഗോൾഡൻ ബോയ് തന്നെയാണ്.വലിയ മനസ്സുള്ള വ്യക്തിയാണ് അദ്ദേഹം. ഞങ്ങൾ രണ്ടു പേരും ഇവിടെ നൂറ് ശതമാനം സന്തോഷവാൻമാരാണ് ” നെയ്മർ പറഞ്ഞു.2022 വരെയാണ് ഇരുവരുടെയും കരാറുള്ളത്. നെയ്മറുടെ പിറകെ ബാഴ്സയാണെങ്കിൽ റയൽ, ലിവർപൂൾ എന്നിവരാണ് എംബാപ്പെക്ക്‌ പിറകേയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *