ഞങ്ങൾ അബദ്ധമൊന്നും കാണിക്കില്ല: മെസ്സി,എംബപ്പേ എന്നിവരുടെ കാര്യത്തിൽ പ്രതികരണവുമായി നാസർ അൽ ഖലീഫി!

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ നിന്നും ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി നേരത്തെ തന്നെ പുറത്താവുകയായിരുന്നു. ഇതിന്റെ ഫലമായി കൊണ്ട് നിരവധി പ്രശ്നങ്ങൾ പിഎസ്ജി ടീമിനകത്ത് ഉടലെടുത്തിരുന്നു.സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെ പിഎസ്ജി ആരാധകർ തന്നെ പടയൊരുക്കം നടത്തിയിരുന്നു.അതുകൊണ്ടുതന്നെ മെസ്സി ക്ലബ്ബ് വിടും എന്നുള്ള റൂമറുകൾ ഇപ്പോൾ സജീവമാണ്.

എന്തായാലും ലയണൽ മെസ്സി,കിലിയൻ എംബപ്പേ എന്നിവരുടെ ഭാവിയെക്കുറിച്ച് ഇപ്പോൾ പിഎസ്ജിയുടെ പ്രസിഡണ്ടായ നാസർ അൽ ഖലീഫി സംസാരിച്ചിട്ടുണ്ട്.പിഎസ്ജി അബദ്ധമൊന്നും കാണിക്കില്ലെന്നും ലയണൽ മെസ്സിയെയും കിലിയൻ എംബപ്പേയെയും പിഎസ്ജിയിൽ തന്നെ നിലനിർത്തും എന്നുമാണ് നാസർ അൽ ഖലീഫി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾ അതുമായി ബന്ധപ്പെട്ട വർക്കുകൾ പൂർത്തിയാക്കുന്നുണ്ട്.എംബപ്പേക്കും ലയണൽ മെസ്സിക്കും പിഎസ്ജിയിൽ തന്നെ തുടരാം.ഞങ്ങൾ എന്താണ് ചെയ്യേണ്ടത് അത് ചെയ്യാൻ തന്നെയാണ് ഞങ്ങൾ ഒരുങ്ങുന്നത്.അവരെ ഞങ്ങൾ ടീമിൽ നിലനിർത്തുക തന്നെ ചെയ്യും.ശരിയായ രീതിയിൽ തന്നെ കാര്യങ്ങൾ ചെയ്യാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഈ രണ്ട് താരങ്ങളുടെയും കാര്യത്തിൽ ഞങ്ങൾ ഇനി അബദ്ധങ്ങളൊന്നും ചെയ്യില്ല “ഇതാണ് പിഎസ്ജി പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയുടെ കരാർ അവസാനിക്കാൻ ഇനി കുറഞ്ഞ മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കരാർ പൂർത്തിയായി കഴിഞ്ഞാൽ അദ്ദേഹത്തിന് ഫ്രീ ഏജന്റായി കൊണ്ട് ക്ലബ് വിടാനുള്ള അവകാശം ഉണ്ട്. അതേസമയം നെയ്മർ ജൂനിയറെ ക്ലബ്ബ് ഒഴിവാക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.നിലവിൽ പിഎസ്ജി വിടാൻ നെയ്മർ ജൂനിയർ ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *